കിഴക്കേ ജെറുസേലമിലും, റാമള്ളായിലും, ഗാസായിലുമുള്ള ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടു വിവിധ രാജ്യക്കാരായ പതിനഞ്ചു മെത്രാന്മാര്‍ നടത്തിയ വിശുദ്ധനാട് തീര്‍ത്ഥാടനത്തിനു ഒടുവില്‍ സംയുക്ത പ്രസ്താവന. സകലരുടെയും മനുഷ്യാന്തസ്സിനെ കേന്ദ്രീകരിച്ചുള്ള സമാധാന ശ്രമങ്ങള്‍ ഇസ്രായേലിലും പാലസ്തീനിലും ഉണ്ടാകണമെന്ന് രാജ്യാന്തര സമൂഹത്തോടും ഇരുരാഷ്ട്രത്തലവന്മാരോടും മെത്രാന്‍മാര്‍ അഭ്യര്‍ത്ഥിച്ചു.

രണ്ടു രാഷ്ട്രങ്ങളുടെ രൂപീകരണത്തിനുള്ള വത്തിക്കാന്‍റെ നിലപാടിനോടുള്ള അനുഭാവം, ഇസ്രായേലിന്‍റെ സുരക്ഷാ നടപടികള്‍ക്കൊപ്പം സുരക്ഷിതമായി ജീവിക്കാനുള്ള മറ്റുള്ളവരുടെയും അവകാശം, ഒത്തുതീര്‍പ്പുകളില്‍ രാഷ്ട്രീയമോ സാമ്പത്തികമോ ആയ ആരുടെയും പിന്‍തുണ പാടില്ലെന്ന നിലപാട്, സമാധാനപരമായ തീര്‍പ്പുകള്‍ക്ക് എതിരായ എല്ലാ അതിക്രമങ്ങളോടും മനുഷ്യാവകാശ ലംഘനത്തോടുമുള്ള ശക്തമായ പ്രതിഷേധവും വിയോജിപ്പും എന്നിവയാണ് പ്രസ്താവനയില്‍ നിഴലിച്ചിരിക്കുന്നത്.

ക്രിസ്തു പിറന്ന മണ്ണില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള രാജ്യാന്തര സമൂഹത്തിന്‍റെ എല്ലാ പരിശ്രമങ്ങളും വിഫലമായെന്ന തദ്ദേശ മെത്രാന്മാരുടെ പ്രസ്താവന തള്ളിക്കളഞ്ഞുകൊണ്ടാണ് പൊതുപ്രഖ്യാപനത്തിലൂടെ വീണ്ടു ഒരു സമാധാന ശ്രമത്തിനുള്ള അഭ്യര്‍ത്ഥന രാജ്യാന്തര തലത്തില്‍ മെത്രാന്‍മാര്‍ നടത്തിയിരിക്കുന്നത്. സമാധാനവും, ചര്‍ച്ചയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ “ദി ഹോളിലാന്‍ഡ് കോ-ഓര്‍ഡിനേഷന്‍ 2020” (എച്ച്.എല്‍.സി 20) സന്ദര്‍ശനം ജനുവരി 11 മുതല്‍ 16 വരെയാണ് നടന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സംയുക്ത മെത്രാന്‍ സംഘം യാതൊരു മുടക്കവും കൂടാതെ വിശുദ്ധ നാട് സന്ദര്‍ശനം നടത്തിവരികയാണ്. ഇംഗ്ളണ്ടിലേയും വെയില്‍സിലേയും മെത്രാന്‍ സമിതിയാണ് ഹോളി ലാന്‍ഡ് കോര്‍ഡിനേഷന്‍ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത്.