വത്തിക്കാന്‍ സിറ്റി: വൈദിക ബ്രഹ്മചര്യ നിയമത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പാടില്ലെന്നു ചൂണ്ടിക്കാട്ടി കർദ്ദിനാൾ സാറ എഴുതിയ പുസ്തകം ചര്‍ച്ചയായ സാഹചര്യത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ നിലപാട് ആവര്‍ത്തിച്ച് വത്തിക്കാന്‍. ലത്തീൻ സഭയിൽ വൈദികരാകുന്നവർ വിവാഹം ചെയ്യുന്നതിനോട് തനിക്ക് എതിർപ്പാണെന്ന് ഫ്രാൻസിസ് മാർപാപ്പ ലോക യുവജന സംഗമത്തിനുശേഷം പനാമയിൽ നിന്ന് വത്തിക്കാനിലേക്ക് മടങ്ങവേ വിമാനത്തിൽ വച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞ കാര്യം വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പത്ര സമ്മേളനത്തില്‍ ഓർമ്മിപ്പിച്ചു. ‘പൗരോഹിത്യ ബ്രഹ്മചര്യം മാറ്റുന്നതിനെക്കാൾ എന്റെ ജീവൻ നൽകാൻ തയ്യാറാണ്’ എന്ന പോൾ ആറാമൻ മാർപാപ്പ പറഞ്ഞ അതേ വാചകങ്ങൾ ഫ്രാൻസിസ് മാർപാപ്പയും അന്ന് ആവർത്തിച്ചിരുന്നുവെന്നും ജനുവരി 13നു നടന്ന പത്രസമ്മേളനത്തില്‍ വത്തിക്കാന്‍ വക്താവ് പറഞ്ഞു.

കര്‍ദ്ദിനാള്‍ സാറ എഴുതിയ ‘ഫ്രം ദി ഡെപ്ത്ത് ഓഫ് ഔർ ഹേർട്ട്സ്: പ്രീസ്റ്റ്ഹുഡ്, സെലിബസി, ആൻഡ് ദി ക്രൈസിസ് ഓഫ് ദി കാത്തലിക് ചർച്ച്’ എന്ന പുസ്തകത്തില്‍ വൈദിക ബ്രഹ്മചര്യത്തിന്റെ പ്രാധാന്യത്തെ പറ്റി എമിരിറ്റസ് ബെനഡിക്ട് മാർപാപ്പയും ലേഖനം എഴുതിയിട്ടുണ്ട്. എന്നാല്‍ പുസ്തകത്തിന്റെ സഹ-രചയിതാവ് എന്ന പേരോടെയാണ് ബെനഡിക്ട് പാപ്പയെ പ്രസാധകര്‍ ചൂണ്ടിക്കാട്ടിയിരിന്നത്. ഇത് പിന്‍വലിക്കണമെന്ന് പാപ്പയുടെ സെക്രട്ടറി പ്രസാധകരോട് ആവശ്യപ്പെട്ടിരിന്നു. പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഫെബ്രുവരി ഇരുപതാം തീയതി ഇഗ്നേഷ്യസ് പ്രസാണ് പുറത്തിറക്കുന്നത്.