ചെന്നൈ: തമിഴ്നാട്ടില്‍ കോണ്‍‌ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ വിള്ളലില്ലെന്ന് നേതാക്കള്‍. എംകെ സ്റ്റാലിനുമായി സമവായ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം സഖ്യം തുടരുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഴഗിരി അറിയിക്കുകയായിരുന്നു. പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമിയും സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വരുന്ന നിയംസഭ തിര‍ഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് ഡിഎംകെയ്ക് ഒപ്പമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കുകയായിരുന്നു.

തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി പങ്കിടുന്നതിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കമാണ് യുപിഎ സഖ്യത്തിന്റെ ഭിന്നതയിലേക്ക് വഴിമാറിയിരുന്നത്. ആവശ്യപ്പെട്ടതിന്‍റെ പകുതി സീറ്റ് പോലും ഡിഎംകെ അനുവദിച്ചില്ലെന്നും സഖ്യത്തിലെ ധാരണ സ്റ്റാലിന്‍ മറന്നെ്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎസ് അഴഗിരി തുറന്നടിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.

തുടര്‍ന്ന് സോണിയാഗാന്ധി വിളിച്ച പ്രതിപക്ഷ യോഗത്തില്‍ നിന്ന് വിട്ടുനിന്ന ഡിഎംകെ, തങ്ങളുടെ അതൃപ്തി പരസ്യമാക്കുകയായിരുന്നു. പിന്നീട് പ്രദേശിക വിഷയങ്ങളിലെ തര്‍ക്കം ഭിന്നതയിലേക്ക് വഴിമാറിയതോടെ ഹൈക്കമാന്റ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. തമിഴ്നാട് അധ്യക്ഷന്‍ കെഎസ് അഴഗിരിയെ ദില്ലിയിലേക്ക് വിളിച്ചുവരുത്തി ഹൈക്കമാന്‍ഡ് അതൃപ്തി വ്യക്തമാക്കുകയായിരുന്നു.

പിന്നാലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ.ആര്‍ രാമസ്വാമി ഡിഎംകെയിലെ മുതിര്‍ന്ന നേതാക്കളെ കണ്ട് ഖേദം പ്രകടിപ്പിച്ചു. പ്രദേശിക നേതൃത്വത്തെയാണ് വിമര്‍ശിച്ചതെന്നും ഡിഎംകെ സംസ്ഥാന നേതൃത്വവുമായി പ്രശ്നമില്ലെന്നും കോണ്‍ഗ്രസ് നിലപാട് തിരുത്തി. തുടര്‍ന്ന് നാരായണസ്വാമി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. പിന്നീടാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഴഗിരി എംകെ സ്റ്റാലിനെ കണ്ടത്.

സംഭവത്തില്‍ ശനിയാഴ്ച വീണ്ടും ഹൈക്കമാന്റ് ഇടപെട്ടിരുന്നു. യുപിഎ അധ്യക്ഷയും കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റുമായ സോണിയ ഗാന്ധി രാവിലെ എംകെ സ്റ്റാലിനുമായി ഫോണില്‍ വിളിച്ച്‌ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി സ്റ്റാലിനെ നേരിട്ടെത്തി കണ്ടത്. ഇതോടെയാണ് പ്രശ്നപരിഹാരത്തിന് തുടക്കമായത്.