കൊച്ചി : 2020ലെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ജില്ലയില്‍ അഞ്ചു വയസ്സിന് താഴെയുള്ള 2,03,803 കുട്ടികള്‍ക്ക് പരിപാടിയുടെ ഭാഗമായി ഒരു ഡോസ് പോളിയോ തുള്ളിമരുന്ന് നല്‍കും.
1988 ല്‍ ലോകത്താകെ 125 രാജ്യങ്ങളില്‍ നിന്നായി 3,50,000 പോളിയോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ലോകാരോഗ്യ സംഘടന, യൂണിസെഫ് , റോട്ടറി ഫൌണ്ടേഷന് എന്നിവയുടെ നേതൃത്വത്തിലുള്ള പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോളിയോ എന്‍ഡമിക് ആയി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 125 ല്‍ നിന്നും 2019 -ല്‍ അത് 3 രാജ്യങ്ങളായി ചുരുങ്ങി. പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവയാണ് 2019 ല്‍ പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങള്‍.
1995 മുതല്‍ നടത്തപ്പെടുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഫലമായി 2014 മാര്‍ച്ച് 27 ന് ഭാരതം പോളിയോ വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും ലോകത്ത് ഇന്നും പോളിയോ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 3 രാജ്യങ്ങളില്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ ഒഴിച്ചുള്ളവ നമ്മുടെ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമാണ് എന്നതിനാല്‍, നാം കൈവരിച്ച നേട്ടം നിലനിര്‍ത്തുന്നതിനും, പോളിയോ രോഗത്തെ ലോകത്ത് നിന്നും തന്നെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനും, ഏതാനും വര്‍ഷങ്ങള്‍ കൂടി ഈ പ്രതിരോധ യജ്ഞം തുടരേണ്ടതുണ്ട്. രോഗാണു നിരീക്ഷണ പരിപാടി (AFP Surveillance) യുടെ ഭാഗമായി പോളിയോ രോഗാണു രാജ്യത്ത് തിരികെയെത്തുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കുന്നുണ്ടെങ്കിലും നാം മതിയായ മുന്‍കരുതലുകള്‍ സ്വീകരിച്ചേ തീരൂ, പ്രത്യേകിച്ച്, വിവിധ രാജ്യങ്ങളുമായി വിശാലമായ രാജ്യാന്തര അതിര്‍ത്തി പങ്കിടുന്നതിനാല്‍. 2011 ലാണ് ഇന്ത്യയില്‍ അവസാനമായി പോളിയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കേരളത്തില്‍ 2000 ല്‍ ആണ് അവസാനമായി പോളിയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഉയര്‍ന്ന ജനസാന്ദ്രത, നഗര ചേരിപ്രദേശങ്ങളുടെയും, നാടോടി വിഭാഗങ്ങളുടെയും സാന്നിദ്ധ്യം, തദ്ദേശീയവും, അന്തര്‍ദേശീയവുമായ കുടിയേറ്റങ്ങള്‍, പ്രതിരോധ കുത്തിവെപ്പുകളോടുള്ള ചില ജനവിഭാഗങ്ങളുടെ വിമുഖത മുതലായവ കേരളത്തിന്റെ പോളിയോ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.
ഈ വര്‍ഷം ജില്ലയിലെ 5 വയസ്സില്‍ താഴെയുള്ള 2,03,803 കുട്ടികള്‍ക്കാണ് പള്‍സ് പോളിയോ ദിനത്തില്‍ പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. ഇതിനായി ജില്ലയില്‍ 1979 പള്‍സ് പോളിയോ ബൂത്തുകളും സജ്ജീകരിക്കുന്നതാണ്. സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, സബ്സെന്ററുകള്‍ എന്നിവിടങ്ങളിലാണ് പള്‍സ് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. കൂടാതെ ബസ് സ്റ്റാന്‍ഡുകള്‍, മെട്രോ സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബോട്ട് ജെട്ടികള്‍, എയര്‍പോര്‍ട്ട്, തുടങ്ങി ആളുകള്‍ വന്നു പോയികൊണ്ടിരിക്കുന്ന 50 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും പ്രവര്‍ത്തിക്കും. ആളുകള്‍ക്ക് വന്നെത്തിച്ചേരുവാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും, ഇതരസംസ്ഥാന തൊഴിലാളി ക്യാമ്ബുകളിലും, കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നതിനായി 50 മൊബൈല്‍ ടീമുകളും ഒരുക്കിയിട്ടുണ്ട്.. ബൂത്തുകളില്‍ സേവനം അനുഷ്ഠിക്കുന്നതിനായി ആരോഗ്യപ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, എന്‍.സി.സി. വോളന്റീയര്‍മാര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിശീലനം നല്കി നിയോഗിക്കുന്നതാണ്. തുള്ളിമരുന്ന് നല്‍കിയതിന് ശേഷം കുട്ടികളുടെ ഇടതുകൈയിലെ ചെറുവിരലില്‍ മാര്‍ക്കര്‍ പേന ഉപയോഗിച്ച് അടയാളപ്പെടുത്തുന്നതാണ്. പരിപാടിയുടെ നടത്തിപ്പിനാവശ്യമായ തുള്ളിമരുന്ന്, പ്രചരണസാമഗ്രികള്‍ എന്നിവ വിതരണം ചെയ്തു വരുന്നു .
ഈ പരിപാടി വിജയിപ്പിക്കുന്നതിന് അഞ്ചു വയസ്സിനു താഴെയുള്ള എല്ലാ കുട്ടികളെയും തൊട്ടടുടുത്തുള്ള പള്‍സ് പോളിയോ ബൂത്തിലെത്തിച്ച് ഒരു ഡോസ് തുള്ളിമരുന്ന് നല്‍കണം. യാത്ര പോകുന്നവരുടെ സൗകര്യാര്‍ത്ഥം എല്ലാ ബസ് സ്റ്റാന്റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ബോട്ട് ജെട്ടികളിലും, മെട്രോസ്റ്റേഷനുകളിലും പോളിയോ ബൂത്ത് ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും കാരണവശാല്‍ 19 ന് തുള്ളിമരുന്ന് നല്കാന് സാധിക്കാത്തവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ വീടുകളിലെത്തി വാക്സിന് നല്‍കുന്നതായിരിക്കും.
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ – ജില്ലാതല ഉദ്ഘാടനം
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 19 ന് രാവിലെ 8 മണിക്ക് അങ്കമാലി താലൂക്ക് ആശുപത്രിയില്‍ വെച്ച് ബഹു എം.എല്‍.എ ശ്രീ റോജി എം ജോണ്‍ അവര്‍കള്‍ നിര്‍വഹിക്കുന്നതാണ്. ചടങ്ങില്‍ ബഹു അങ്കമാലി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീമതി എം എ ഗ്രേസി അദ്ധ്യക്ഷത വഹിക്കും.