കോഴിക്കോട്:മലയാളികള്‍ ചെയ്ത വിനാശകരമായ കാര്യം രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റിലേക്ക് അയച്ചതാണെന്ന് ചരിത്രകാരന്‍ രാമചന്ദ്രഗുഹ. സ്വന്തം കഠിനാധ്വാനത്തിലൂടെ ഉയര്‍ന്ന് വന്ന നരേന്ദ്രമോദിയെ പോലൊരു രാഷ്ട്രീയക്കാരന് പറ്റിയ എതിരാളിയല്ല കുടുംബ വാഴ്ചയില്‍ നിന്ന് രാഷ്ട്രീയ പദവിയിലേക്കെത്തിയ രാഹുല്‍ ഗാന്ധി. 2024 ലും രാഹുലിനെ വിജയിപ്പിക്കാനാണ് മലയാളികള്‍ തീരുമാനിക്കുന്നതെങ്കില്‍ മോദിക്ക് സുവര്‍ണാവസരം വച്ച്‌ നീട്ടലാകുമെന്നും അദ്ദേഹം തുറന്നടിച്ചു

‘താന്‍ ഒരു രാഹുല്‍ ഗാന്ധിയല്ല എന്നതാണ് മോദിയുടെ ഏറ്റവും വലിയ മെച്ചം. 15 വര്‍ഷം ഒരു സംസ്ഥാനം ഭരിച്ചതിന്റെ അനുഭവ സമ്ബത്തുള്ള കഠിനാധ്വാനിയാണ് മോദി. അവധിക്കാലം യൂറോപ്പില്‍ പോയി ചിലവഴിക്കാതെ രാഷ്ട്രീയത്തില്‍ ഉയര്‍ന്ന് വരാന്‍ കഠിനാധ്വാനം നടത്തിയതിന്റെ ഫലമാണ് ഇന്ന് കാണുന്നത്’. രാഹുല്‍ ഗാന്ധി വിദേശത്ത് അവധിക്കാലം ആഘോഷിച്ചില്ലെങ്കിലും കഠിനാധ്വാനി ആയാലും കുടുംബ വാഴ്ചയുടെ പ്രതിനിധിയെന്ന നിലയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന് യോജിച്ചയാളല്ലെന്നും ഗുഹ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷം എതിര്‍സ്ഥാനത്ത് നിര്‍ത്തുന്നത് കൊണ്ട് മാത്രമാണ് കശ്മീര്‍ വിഷയത്തിലും ചൈനയുടെ വിഷയത്തിലും മുത്തലാഖിലും നെഹ്റുവിന് പഴി കേള്‍ക്കേണ്ടി വരുന്നത്. രാഹുല്‍ ആ പദവിയില്‍ ഇല്ലാത്തപ്പോള്‍ സ്വന്തം പദ്ധതികളെ കുറിച്ചും അവ എങ്ങനെ വന്‍ പരാജയമായെന്നതും മോദിക്ക് വിശദീകരിക്കേണ്ടി വരും. രാഹുല്‍ കളത്തിലുള്ളപ്പോള്‍ ഒരിക്കലും മോദിക്ക് സ്വന്തം ഭരണത്തെ കുറിച്ചോര്‍ത്ത് ആകുലപ്പെടേണ്ടി വരുന്നില്ലെന്നും അത് വലിയ സൗകര്യമാണെന്നും അദ്ദേഹം പറയുന്നു. വ്യക്തിപരമായി രാഹുല്‍ ഗാന്ധി വളരെ നല്ലവനും മാന്യനുമായ മനുഷ്യനാണ്.പക്ഷേ ഇന്നത്തെ ഇന്ത്യയ്ക്ക് വേണ്ട രാഷ്്ട്രീയക്കാരനല്ലെന്നും രാമചന്ദ്രഗുഹ കൂട്ടിച്ചേര്‍ത്തു.

മുഗള്‍ രാജവംശത്തിന്റെ പതനകാലമാണ് സോണിയയെ തനിക്ക് ഓര്‍മ്മപ്പെടുത്താനുള്ളതെന്നും ഗുഹ പറയുന്നു. ഡല്‍ഹിയില്‍ സ്തുതിപാഠകര്‍ പറയുന്നത് കേട്ടിരുന്നത് കൊണ്ട് കാര്യമില്ലെന്നും സ്വാതന്ത്ര്യസമരകാലത്തെ വലിയ പാര്‍ട്ടിയില്‍ നിന്ന് ക്ഷയിച്ച തറവാടായി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.കേരളത്തില്‍ നടക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.