കണ്ണൂര്‍:  നിയമസഭാ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടി ഐക്യകണ്‌ഠ്യേനെ അംഗീകരിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന ഗവര്‍ണറുടെ പരാമര്‍ശം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ കെ സുധാകരന്‍ എംപി നയിച്ച രാഷ്ട്ര രക്ഷാ മാര്‍ച്ചിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണറുടെ വിമര്‍ശനത്തിന് സഭാ നാഥനായ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. എന്നാല്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇന്നേവരെ മിണ്ടിയിട്ടില്ല. ഗവര്‍ണര്‍ക്കെതിരെ സംസാരിക്കാതിരിക്കാനുള്ള കാരണം മുഖ്യമന്ത്രി ഇനിയെങ്കിലും വ്യക്തമാക്കണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിന് കേരളത്തില്‍ അറസ്റ്റു ചെയ്തത് നാല്‍പ്പതു പേരെയാണ്. ഈ വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് കാപട്യമാണെന്ന് ഓരോ ദിവസം കൂടുന്തോറും തെളിഞ്ഞു വരികയാണെന്നും ചെന്നിത്തല പറഞ്ഞു.

വൈകിട്ട് മൂന്ന് മണിയോടെ മുണ്ടയാട് ഇന്‍ഡോര്‍ സിറ്റേഡിയത്തിന് സമീപത്ത് നിന്നും കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോക്ടര്‍ അലക്‌സ് വടക്കുന്തല കെ സുധാകരന് ദേശീയ പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. വൈകുന്നേരം സ്‌റ്റേഡിയം കോര്‍ണറില്‍ നടന്ന പൊതുസമ്മേളനത്തില്‍ വി കെ അബ്ദുല്‍ ഖാദര്‍ മൗലവി അധ്യക്ഷനായി. എംഎല്‍എമാരായ കെ സി ദോസഫ്, കെ എം ഷാജി, സണ്ണി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സംവിധായകന്‍ മൊയ്തു താഴത്ത്, കണ്ണൂര്‍ സീനത്ത് എന്നിവര്‍ അവതരിപ്പിച്ച സംഗീത മേള നടന്നു.