രാജ്‌കോട്ട്: ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോലി. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ തോളിടിച്ചുവീണ് രോഹിത്തിന് പരിക്കേറ്റിരുന്നു. ഇടതു തോളിനാണ് പരിക്കേറ്റത്.

ഓസീസിന്റെ ബാറ്റിങ്ങിനിടെ മത്സരത്തിന്റെ 43-ാം ഓവറില്‍ ഒരു ബൗണ്ടറി തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് രോഹിത്തിന് പരിക്കേറ്റത്. വേദനകൊണ്ട് പുളഞ്ഞ രോഹിത്തിന് പന്ത് തിരിച്ചെറിയാന്‍ പോലും സാധിച്ചിരുന്നില്ല. ഉടന്‍ തന്നെ ടീം ഇന്ത്യ ഫിസിയോ നിതിന്‍ പട്ടേല്‍ താരത്തെ പരിശോധിച്ചു. പിന്നീട് കേദാര്‍ ജാദവാണ് രോഹിത്തിന് പകരം ഫീല്‍ഡിങ്ങിന് ഇറങ്ങിയത്.

രോഹിത്തിനോട് സംസാരിച്ചിരുന്നുവെന്നും പരിക്ക് സാരമുള്ളതല്ലെന്നും പറഞ്ഞ കോലി അടുത്ത മത്സരത്തില്‍ രോഹിത്തിന് കളിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച ബെംഗളൂരുവിലാണ് പരമ്ബരയിലെ അവസാന മത്സരം.

അതേസമയം വെള്ളിയാഴ്ച നടന്ന മത്സരത്തിനിടെ പാറ്റ് കമ്മിന്‍സിന്റെ പന്തുകൊണ്ട് മറ്റൊരു ഓപ്പണര്‍ ശിഖര്‍ ധവാനും പരിക്കേറ്റിരുന്നു. രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ ഓസീസിനെ 36 റണ്‍സിന് തോല്‍പ്പിച്ച്‌ ഇന്ത്യ പരമ്ബരയില്‍ ഒപ്പമെത്തിയിരുന്നു.