തൃശൂര്‍: കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ വി. ബലറാം (72) അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ്​ 10ാം നിയമസഭയില്‍ വി. ബലറാം എത്തിയത്​. 11ാം നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, കെ. മുരളീധരന്​ മത്സരിക്കാനായി എം.എല്‍.എ സ്ഥാനം 2004 ഫെബ്രുവരി 20ന് രാജിവെച്ചു. കെ. കരുണാകരന്‍ കോണ്‍ഗ്രസുമായി തെറ്റി ഡി.ഐ.സി രൂപവത്​കരിച്ചപ്പോള്‍ അതിന്‍റെ ഭാഗമായ നേതാക്കളില്‍ ഒരാളാണ്​.

നിയമസഭാ സമിതി ചെയര്‍മാന്‍ (2001-2004), കൊച്ചിന്‍ അഗ്രികള്‍ച്ചറല്‍ ബാങ്ക് പ്രസിഡന്‍റ്, കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ചെയര്‍മാന്‍, എ.ഐ.സി.സി അംഗം, തൃശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി, കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

ടി. രാമന്‍ നായര്‍- വെല്ലൂര്‍ ചിന്നമ്മു അമ്മ ദമ്ബതികളുടെ മകനായി 1947 നവംബര്‍ 10നാണ് ജനനം. ഭാര്യ: ഡോ. കാഞ്ചനമാല. രണ്ട് മക്കള്‍.