ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ സോണിയ ഗാന്ധിയുടെ മാതൃക പിന്തുടരണമെന്ന്​ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്​സിങ്​. ആശാദേവിയുടെ വേദന മനസിലാക്കുന്നു. അവരോട്​ സോണിയ ഗാന്ധിയെ മാതൃകയാക്കാനാണ്​ ആവശ്യപ്പെടുന്നത്​. നിര്‍ഭയ കേസ്​ പ്രതികളുടെ വധശിക്ഷ വൈകുന്നതില്‍ പ്രതിഷേധവുമായി നിര്‍ഭയയുടെ അമ്മ ആശാദേവി രംഗത്തെത്തിയ സാഹചര്യത്തിലാണ്​ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്​സിങ്ങിന്‍െറ പരാമര്‍ശം.

രാജീവ്​ ഗാന്ധി വധക്കേസ്​ പ്രതിയായ നളിനിയോട്​ സോണിയ ക്ഷമിച്ചു. അവരെ തൂക്കികൊല്ലണമെന്ന ആഗ്രഹം​ സോണിയക്കില്ലായിരുന്നു. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്​ പക്ഷേ വധശിക്ഷക്ക്​ എതിരാണെന്ന്​ ഇന്ദിര ജെയ്​സിങ്​ ട്വീറ്റ്​ ചെയ്​തു​.​
അതേസമയം, ഇന്ദിര ജെയ്​സിങ്ങിന്​ മറുപടിയുമായി നിര്‍ഭയയുടെ അമ്മ ആശാദേവിയും രംഗത്തെത്തി. തനിക്ക്​ ഇത്തരം ഉപദേശം തരാന്‍ ഇന്ദിര ജെയ്​സിങ്​ ആരാണെന്ന്​ അവര്‍ ചോദിച്ചു. രാജ്യം മുഴുവന്‍ നിര്‍ഭയ കേസ്​ പ്രതികളെ തൂക്കിലേറ്റണമെന്നാണ്​ ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഫെബ്രുവരി ഒന്നിന്​​ നിര്‍ഭയ കേസ്​ പ്രതികളെ തൂക്കിലേറ്റാന്‍ കോടതി മരണവാറണ്ട്​ പുറപ്പെടുവിച്ചിരുന്നു​. കേസിലെ പ്രതികളായ വിനയ്​, അക്ഷയ്​, പവന്‍, മുകേഷ്​ എന്നിവരെയാണ്​ വധശിക്ഷക്ക്​ വിധേയരാക്കുന്നത്​. ജനുവരി 22ന്​ വധശിക്ഷ നടപ്പാക്കാനാണ്​ നേരത്തെ നിശ്​ചയിച്ചിരുന്നതെങ്കിലും പ്രതികള്‍ തിരുത്തല്‍ ഹരജിയുമായി മുന്നോട്ട്​ പോയതോടെ ഇത്​ നീളുകയായിരുന്നു.