വടകര: കൂടത്തായി പരമ്ബര കൊലപാതക കേസില്‍ സിലിയെ കൊലപ്പെടുത്തുന്നതിനായി ജോളി മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍. ഷാജുവിനെപ്പോലുള്ള ഒരാളെ ഭര്‍ത്താവായി കിട്ടാനും അതിന് സിലിയും മകള്‍ ആല്‍ഫൈനും ഉണ്ടാകരുതെന്നും ജോലി നിശ്ചയിച്ചു. സിലിയെ കൊലപ്പെടുത്താന്‍ പല വഴികളും ജോളി സ്വീകരിച്ചുവെങ്കിലും പലതും പാളിപ്പോയി. അവസാനമാണ് മഷ്റൂം ഗൂളിക നല്‍കി കൊലപ്പെടുത്തുന്നതിലേക്ക് എത്തിയതെന്ന് കിുറ്റപത്രത്തില്‍ പറയുന്നു. ഓരോ കൊലപാതകം നടത്തുമ്ബോഴും ജോളി സ്വീകരിച്ച വഴികളും അത് ബുദ്ധിപൂര്‍വം മറച്ചുവെക്കാന്‍ കാണിച്ച തന്ത്രവും ഈ കേസിലും ഉണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സിലി കൊല്ലപ്പെടുന്നതിന് മുമ്ബും ഷാജുവിനോടൊത്ത് പലയിടങ്ങളിലും ജോളി പോയിരുന്നു. വിവാഹത്തിനും പാര്‍ട്ടിക്കുമൊക്കെ പോയി ഷാജുവിന്റെ ഭാര്യയാണെന്ന് പലര്‍ക്കും സ്വയം പരിചയപ്പെടുത്തിക്കൊടുത്തുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. വയനാട്ടിലെ ഒരു വിവാഹ സത്ക്കാരത്തിനെത്തിയാണ് ഷാജുവിന്റെ ഭാര്യയായി ജോളി അഭിനയിച്ചത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഷാജു അറിഞ്ഞിരുന്നില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നുണ്ട്.

വീട്ടിനടുത്ത് ആശുപത്രിയുണ്ടായിരുന്നിട്ടും മരണത്തില്‍ ആര്‍ക്കും സംശയം തോന്നാതിരിക്കാനാണ് 12 കിലോമീറ്റര്‍ അപ്പുറത്തുള്ള ശാന്തി ഹോസ്പിറ്റലില്‍ എത്തിച്ചത്. പല തവണ പരാജയപ്പെട്ട കൊലപാതക ശ്രമം ഇത്തവണ പാളിപ്പോവില്ലെന്ന് ഉറപ്പാക്കാന്‍ മഷ്റൂം ഗുളികയ്ക്കുള്ളില്‍ സയനൈഡ് നിറച്ച്‌ കൈയില്‍ കരുതി. ഇത് സിലി കഴിച്ചുവെന്ന് ഉറപ്പാക്കി. സിലിയുടെ മരണത്തിന് ശേഷം ജോളി ചിരിക്കുകയായിരുന്നുവെന്നാണ് സിലിയുടെ മകന്റെ മൊഴി. മറ്റാര്‍ക്കും സംശയമുണ്ടാകാതിരിക്കാന്‍ സിലിയുടെ സഹോദരനേയും മരണ സമയത്ത് ജോളി വിളിച്ചു വരുത്തുകയും ചെയ്തു.

മരണ സമയത്ത് ജോളി ഏറ്റുവാങ്ങിയ സിലിയുടെ സ്വര്‍ണാഭരണങ്ങള്‍ ജോളി ഉപയോഗിക്കുകയും പിന്നീട് കൈമാറ്റം ചെയ്തതിന്റെയും തെളിവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതെല്ലാം കുറ്റപത്ര സമര്‍പ്പണത്തില്‍ പ്രധാന തെളിവായി മാറിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിലിയുടെ മകള്‍ ആല്‍ഫൈനിന്റെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് ഇനി സമര്‍പ്പിക്കേണ്ടത്. ഇത് എത്രയും പെട്ടെന്ന് സമര്‍പ്പിക്കുമെന്ന് റൂറല്‍ എസ്.പി അറിയിച്ചു.