പൗരത്വ ഭേദഗതി നിയമത്തെ മറയാക്കി കലാപം അഴിച്ചു വിട്ടവര്‍ക്കെതിരെ നടപടി. ഉത്തര്‍പ്രദേശില്‍ പോലീസിനു നേരെ കുട്ടികളെക്കൊണ്ട് കല്ലെറിയിച്ച 33 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ 2015ലെ ബാലാവകാശ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസം 20 ന് ഉത്തര്‍പ്രദേശില്‍ നടന്ന ആസൂത്രിത ആക്രമണത്തില്‍ പങ്കെടുത്തവരെയാണ് ഉത്തര്‍പ്രദേശ് പോലീസ് പിടികൂടിയിരിക്കുന്നത്. പോലീസിനും സാധാരണക്കാര്‍ക്കും നേരെ കുട്ടികളെ മറയാക്കി ആക്രമണം അഴിച്ചുവിടുകയും പോലീസിനു നേരെ കല്ലെറിയാന്‍ കുട്ടികളെ നിര്‍ബന്ധിച്ചതായും കണ്ടെത്തിയവരാണ് അറസ്റ്റിലായിരിക്കുന്നത്.

അറസ്റ്റിലായവരില്‍ ഭൂരിഭാഗം ആളുകളും മുന്‍പും സമാനമായ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലും കുട്ടികളെ ഉപയോഗിച്ച്‌ പോലീസിനു നേരെ കല്ലെറിഞ്ഞ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമം എന്താണെന്നോ ദേശീയ പൗരത്വ രജിസ്റ്റര്‍ എന്താണെന്നോ അറിയാത്ത ഏഴ് വയസില്‍ താഴെയുള്ള കുട്ടികളെ വരെ പോലീസിന് നേരെ കല്ലെറിയാന്‍ നിര്‍ബന്ധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.