അടുത്ത അധ്യയന വര്‍ഷം മുതല്‍ റോഡ് സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണനയിലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. റോഡ് സുരക്ഷ സന്ദേശങ്ങള്‍ കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. വൈ.എം.സി.എ.ഹാളില്‍ ദേശീയ റോഡ് സുരക്ഷ വാരാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്‍.സി.സി., സ്റ്റുഡന്റ് പോലീസ് മാതൃകയില്‍ സ്‌കൂളുകളില്‍ റോഡ് സുരക്ഷാ ക്ലബുകള്‍ ആരംഭിക്കുന്നതിനും പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഓരോ ജില്ലയിലും കൂടുതല്‍ അപകടം നടക്കുന്ന റോഡുകള്‍ ദത്തെടുത്ത് അവിടെ നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പാക്കും. റോഡ് നിയമലംഘനങ്ങളെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ കണ്ടെത്തും. ജനങ്ങള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. മാന്യമായ പെരുമാറ്റത്തിലൂടെ മാത്രമേ പൊതുഗതാഗത മേഖലയെ സ്വീകാര്യമാക്കി മാറ്റാനാകൂ. സ്വകാര്യ സര്‍വ്വീസുകള്‍ കുറയുന്നത് റോഡിലെ തിരക്ക് കുറയ്ക്കാനാകും.

റോഡിന്റെ മേന്‍മ കുറവായതിനാലാണ് അപകടങ്ങള്‍ കൂടുന്നതെന്ന തെറ്റിദ്ധാരണ ഉണ്ട്. മികച്ച രീതിയില്‍ നിര്‍മ്മിച്ച റോഡുകളിലാണ് അപകടങ്ങള്‍ കൂടുതലായുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. റോഡ് ഉപയോക്താക്കള്‍ക്കുള്ള കൈപ്പുസ്തകത്തിന്റെ പ്രകാശനവും ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ ബാങ്ക് അക്കൗണ്ട് മുഖേന അടയ്ക്കുന്ന ഡിജിറ്റല്‍ എന്‍ഫോഴ്സ്മെന്റിന്റെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. റോഡ് സുരക്ഷാ സന്ദേശവുമായി തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രവും മന്ത്രി പ്രകാശനം ചെയ്തു. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ 4408 പേര്‍ മരിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച റോഡ് സുരക്ഷ കമ്മീഷണര്‍ ശങ്കര്‍ റെഡ്ഡി പറഞ്ഞു. തമ്ബാനൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ എം.വി.ജയലക്ഷ്മി റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗതാഗത കമ്മീഷണര്‍ ആര്‍. ശ്രീലേഖ, സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഷാജി ജോസഫ്, ഫെഡറല്‍ ബാങ്ക് പ്രതിനിധികള്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. റോഡ് സുരക്ഷാവബോധം സൃഷ്ടിക്കുന്നതിന് ഡോ.അജിത്കുമാറിന്റെ ഓട്ടന്‍തുള്ളലും വേദിയില്‍ അരങ്ങേറി.