ന്യൂഡൽഹി: വധശിക്ഷയ്ക്കെതിരേ നിർഭയ കേസ് പ്രതി വീണ്ടും സുപ്രീംകോടതിയിൽ. കേസിലെ പ്രതിയായ പവൻ ഗുപ്തയാണ് കേസിൽ തെറ്റായ വാദമാണ് നടന്നതെന്ന് വാദിച്ച് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

2012-ൽ സംഭവം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നാണ് പ്രതിയുടെ ഹർജിയിലെ വാദം. അതിനാൽ ജുവനൈൽ നിയമപ്രകാരമാണ് തന്നെ വിചാരണ ചെയ്യേണ്ടിയിരുന്നത്. അതിനാൽ വധശിക്ഷ പുനപരിശോധിക്കണമെന്നും പ്രതി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ സമാന ഹർജിയുമായി പവൻഗുപ്ത ഡൽഹി ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാൽ ഹർജി കോടതി തള്ളുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ മുകേഷ് സിംഗിന്‍റെ ദയാഹർജി രാഷ്ട്രപതി ഇന്ന് തള്ളിയതിന് പിന്നാലെയാണ് പവൻഗുപ്ത സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

കേസിലെ നാല് പ്രതികളുടെ വധശിക്ഷ 22ന് നടപ്പാക്കാൻ നേരത്തെ ഡൽഹിയിലെ വിചാരണ കോടതി മരണവാറന്‍റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ പ്രതികൾ ശിക്ഷ ചോദ്യം ചെയ്തു ദയാഹർജിയും മറ്റും ഹർജികളും നൽകിയതോടെ വിധി ഡൽഹി കോടതി സ്റ്റേ ചെയ്തു.