വാഷിങ്ടണ്‍: പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച്‌ ചെയ്യുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് യുഎസ് സെനറ്റില്‍ തുടക്കമായി. വിചാരണ നടപടിയുടെ അധ്യക്ഷനായി യുഎസ് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ന്ന് 100 സെനറ്റര്‍മാര്‍ക്കും അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിന്നാലെ വിചാരണ നടപടി ആരംഭിച്ച വിവരം സെനറ്റ് വ്യാഴാഴ്ച്ച വൈറ്റ് ഹൗസിനെ ഔദ്യോഗികമായി അറിയിച്ചു.

ജനപ്രതിനിധി സഭ പാസാക്കിയ പ്രമേയത്തിലെ കുറ്റാരോപണങ്ങള്‍ സംബന്ധിച്ച്‌ നേരിട്ട് വിശദീകരണം നല്‍കാനും അഭിഭാഷകനെ നിയോഗിക്കാനും ഡൊണാള്‍ഡ് ട്രംപിനോട് സെനറ്റ് നിര്‍ദേശിച്ചു. പ്രാംരഭ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ പിരിഞ്ഞ സെനറ്റ് വിചാരണ നടപടികളിലേക്ക് 21 ന് കടക്കും.

അധികാര ദുര്‍വിനിയോഗം, യുഎസ് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നീ രണ്ട് കുറ്റങ്ങളായിരുന്നു ഡൊണാള്‍ഡ് ട്രംപിനെതിരെ ജനപ്രതിനിധി സഭ ചുമത്തിയിരുന്നത്. ജനപ്രതിനിധി സഭയില്‍ 195 നെതിരെ 228 വോട്ടിനായിരുന്നു ട്രംപിനെതിരായ പ്രമേയം പാസായത്.

അമേരിക്കയുടെ ചരിത്രത്തില്‍ ഇംപീച്ച്‌ ചെയ്യപ്പെടുന്ന മൂന്നാമത്തെ പ്രസിഡന്‍റാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ ഡൊണാള്‍ഡ് ട്രംപ്. 1868 ല്‍ ഫെബ്രുവരി 24 ന് ആന്‍ഡ്രൂ ജോണ്‍സണാണ് ഇംപീച്ച്‌ ചെയ്യപ്പെട്ട ആദ്യ അമേരിക്കന്‍ പ്രസിഡന്‍റ്. 1998 ഡിസംബര്‍ 19 ന് ബില്‍ ക്ലിന്‍റണും പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ഇംപീച്ച്‌ ചെയ്യപ്പെട്ടു.

അതേസമയം, സെനറ്റില്‍ ട്രംപിന്‍റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ഉള്ളതിനാല്‍ ട്രംപിനെ പുറത്താക്കല്‍ എളുപ്പമാകില്ല. 100 അംഗ സഭയാണ് സെനറ്റ്. ഇവിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 53 അംഗങ്ങളുടെ പിന്തുണയുണ്ട്. 47 അംഗങ്ങളാണ് ഡെമോക്രാറ്റുകള്‍ക്കുള്ളത്. സെനറ്റിലെ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയില്‍ പ്രമേയം പാസായാല്‍ മാത്രമേ ട്രംപിനെ പുറത്താക്കാന്‍ സാധിക്കുകയുള്ളു.

അതായത് 100 അംഗങ്ങളില്‍ 67 സെനറ്റര്‍മാര്‍ പ്രമേയത്തെ പിന്തുണയ്ച്ചാല്‍ ട്രംപിന് വൈറ്റ് ഹൗസ് വിടേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ സെനറ്റില്‍ പ്രമേയം പാസാവാന്‍ ഇടയില്ലാത്തതിനാല്‍ അധികാരത്തില്‍ തുടരാന്‍ കഴിയും എന്ന ആത്മവിശ്വാസമാണ് ട്രംപിനുള്ളത്.