ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട വോളിബോള്‍ ടൂര്‍ണമെന്റില്‍ നിന്നും സമാഹരിച്ച ധനത്തില്‍ നിന്നും ചിക്കാഗോയിലെ പ്രാന്തപ്രദേശത്തെ ആരോരുമില്ലാത്ത ഭവനരഹിതര്‍ക്കായി ഒരു നേരത്തെ ഭക്ഷണം നല്‍കുവാന്‍ കഴിഞ്ഞു എന്ന സംതൃപ്തിയിലാണ് എക്യൂമെനിക്കല്‍ ഭാരവാഹികള്‍.

ജനുവരി ഒമ്പതാം തീയതി ഡസ്‌പ്ലെയിന്‍സിലുള്ള കാത്തലിക് ചാരിറ്റീസ് സെന്ററില്‍ വച്ചാണ് ഏകദേശം നൂറോളം വരുന്ന ഭവനരഹിതര്‍ക്ക് ഡിന്നര്‍ നല്‍കുവാന്‍ സാധിച്ചത്. ഫാ. ബിജുമോന്‍ ജേക്കബിന്റെ പ്രാര്‍ത്ഥനയോടെ ചടങ്ങ് ആരംഭിച്ചു. സെക്രട്ടറി ജോര്‍ജ് മാത്യു കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി സംക്ഷിപ്തമായി വിവരിച്ചു.

ആന്റോ കവലയ്ക്കല്‍, ഡെല്‍സി മാത്യു, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ബീന കണ്ണൂക്കാടന്‍, ബഞ്ചമിന്‍ തോമസ്, സിനില്‍ ഫിലിപ്പ്, ജയിംസ് പുത്തന്‍പുരയില്‍ എന്നിവര്‍ ഈ മഹനീയ കര്‍മ്മത്തിനു നേതൃത്വം നല്‍കി. ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ഏവരും പങ്കുവെച്ചു. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ തവണ ഭക്ഷണം നല്കുവാന്‍ കഴിയട്ടെ എന്ന് ആശംസിച്ചു.

എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ “ഭവനരഹിതര്‍ക്ക് ഭവനം’ എന്ന പദ്ധതിയിലൂടെ 2019-ല്‍ രണ്ട് ഭവനങ്ങള്‍ കേരളത്തില്‍ നിര്‍മ്മിച്ച് നല്‍കുവാനും സാധിച്ചു.