ന്യൂയോര്‍ക്ക്: ക്വീന്‍സില്‍ 92 വയസ്സുള്ള വൃദ്ധയെ ലൈംഗികമായി പീഡിപ്പിച്ചതിനും ക്രൂരമായി കൊലപ്പെടുത്തിയതിനും 21കാരനായ അനധികൃത കുടിയേറ്റക്കാരന്‍ റിയാസ് ഖാനെതിരെ നിരവധി കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി പ്രൊസിക്യൂട്ടര്‍മാര്‍ അറിയിച്ചു.
റിച്ച്മണ്ട് ഹില്‍ ഏരിയയില്‍ വെച്ച് മരിയ ഫ്യൂന്റസ് എന്ന 92കാരിയെയാണ് റിയാസ് ഖാന്‍ ആക്രമിച്ചത്. സെക്കന്റ് ഡിഗ്രി കൊലപാതകം, ഫസ്റ്റ് ഡിഗ്രി നരഹത്യ, ഫസ്റ്റ് ഡിഗ്രി ബലാത്സംഗത്തിന് ശ്രമിക്കല്‍, ഫസ്റ്റ് ഡിഗ്രി ലൈംഗിക പീഡനം,  തെളിവുകള്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് 21കാരനായ റിയാസ് ഖാനെതിരെ കേസെടുത്തിരിക്കുന്നത്.
റോഡരികിലൂടെ നടന്നുപോയിരുന്ന വൃദ്ധയെ പുറകില്‍ നിന്ന് തള്ളി നിലത്തിട്ട് ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷമാണ് കൊലപ്പെടുത്തിയതെന്ന് ക്വീന്‍സ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മെലിന്‍ഡ കാറ്റ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.
മണിക്കൂറുകള്‍ക്ക് ശേഷം ബോധരഹിതയും അരക്കെട്ടിനു താഴെ നഗ്‌നയുമായ വൃദ്ധയെ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന സ്ഥലത്തെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഫ്യൂന്റസിന്റെ വീട്ടില്‍ നിന്ന് ഒരു ബ്ലോക്ക് അകലെ ലിബര്‍ട്ടി അവന്യൂവിനും റിച്ച്മണ്ട് ഹില്ലിലെ 127ാമത്തെ സ്ട്രീറ്റിനുമിടയ്ക്കാണ് ആക്രമണം നടന്നതെന്ന് പ്രൊസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
ഗയാനയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണ് ഖാന്‍. ഇതിനു മുന്‍പ് കുറ്റകൃത്യങ്ങള്‍ ചെയ്തതിനാലും ആയുധം കൈവശം വെച്ച് പിടിക്കപ്പെട്ടതിനാലും ഫെഡറല്‍ ഇമിഗ്രേഷന്‍ അധികൃതരുടെ നാടുകടത്തല്‍ ഉത്തരവ് അവഗണിച്ച്  സ്വതന്ത്രനായി നടക്കുകയായിരുന്നു.
പൂച്ചകളെ വളരെയധികം സ്‌നേഹിച്ചിരുന്ന മരിയ ഫ്യൂന്റസിനെ പ്രദേശവാസികള്‍ ‘ക്യാറ്റ് ലേഡി’ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. അവരുടെ നേരെ നടന്ന ഹീനമായ പ്രവൃത്തി പ്രദേശവാസികളെ രോഷാകുലരാക്കി.
ഫെബ്രുവരി 4 ന് റിയാസ് ഖാനെ കോടതിയില്‍ ഹാജരാക്കും.