ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം നീണ്ട നാളത്തെ ഇടവേളയെടുത്താണ് മഞ്ജിമ മോഹന്‍ മലയാളത്തിലേക്ക് മടങ്ങിയെത്തിയത്. നിവിന്‍ പോളിയുടെ മിഖായേലിലൂടെയാണ് മഞ്ജിമ വീണ്ടും മലയാളത്തിലെത്തിയത്. എന്നാല്‍ ഈ ചിത്രത്തിന്റെ ഒരു ഭാഗത്ത് കാണുന്ന പോലത്തെ അവസ്ഥയിലൂടെ മഞ്ജിമ കടന്നു പോയിട്ട് അധിക നാളായിട്ടില്ല. മഞ്ജിമയ്ക്ക് എന്ത് പറ്റി? കടന്നു പോയ വേദനയുടെ നാളുകളെപ്പറ്റി മഞ്ജിമ തന്നെ പറയും

മുന്‍പും പല താരങ്ങളും ഈ അവസ്ഥയിലൂടെ കടന്ന് പോയെങ്കിലും അതിന്റെ വ്യാപ്തി മനസ്സിലായത് തനിക്ക് അത് നേരിടേണ്ടി വന്നപ്പോഴാണെന്ന് മഞ്ജിമ പറയുന്നു. ഇനി നടക്കാനാവുമോ, നൃത്തം ചെയ്യാന്‍ ഒക്കുമോ എന്നെല്ലാമായിരുന്നു മഞ്ജിമയുടെ ചിന്തകള്‍. ഇല്ല എന്ന് തന്നെ ഒരുവേള മഞ്ജിമ വിശ്വസിച്ചു. ഭയം കൊണ്ട് മൂടിയ നാളുകള്‍. കുടുംബവും സുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചുവെങ്കിലും ആത്മവിശാസം ഇല്ലാണ്ടായെന്ന് മഞ്ജിമ കരുതി

ഒടുവില്‍ പ്രതീക്ഷ കൈവന്നത് തന്റെ സിനിമാ ഡയറക്‌ടറുടെ ഫോണ്‍ വിളിയിലൂടെയാണെന്ന് മഞ്ജിമ. രോഗമുക്തിയിലേക്കുള്ള നാളുകളില്‍ സിനിമ ചെയ്യാം എന്നദ്ദേഹം ഉറപ്പു നല്‍കി. അങ്ങനെ കിടക്കയില്‍ നിന്നും മഞ്ജിമ തന്നെ സ്വയം വലിച്ച്‌ പുറത്തിട്ടു .

ഷൂട്ട്‌ തുടങ്ങിയ ദിവസം തന്റെ ശക്തി തിരിച്ചറിഞ്ഞെന്ന് മഞ്ജിമ വ്യക്തമാക്കുന്നു. കുറഞ്ഞ പക്ഷം തന്നെ വിശ്വസിച്ച ആള്‍ക്കുള്ള ഉറപ്പെന്ന നിലയിലെങ്കിലും നല്ല രീതിയില്‍ വര്‍ക്ക് ചെയ്യണം എന്ന ഉള്‍വിളി മഞ്ജിമയില്‍ ഉടലെടുത്തു. പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്മെന്റിലെ എല്ലാവരും മഞ്ജിമയ്ക്ക് താങ്ങായി ഒപ്പം കൂടി. നടക്കാനും, ഷോട്ടുകള്‍ക്കിടയില്‍ വിശ്രമിക്കാനുമൊക്കെ മഞ്ജിമയ്ക്ക് അവര്‍ അവസരമൊരുക്കി. ദിവസങ്ങള്‍ കടന്ന് പോയി. ക്ഷീണം തോന്നിയെങ്കിലും തന്റെ കര്‍ത്തവ്യങ്ങള്‍ മഞ്ജിമ തുടര്‍ന്നു, കാലുകള്‍ ബലപ്പെട്ടു, ആത്മവിശ്വാസം വര്‍ധിച്ചു

ഇപ്പോള്‍ തന്റെ 100 ശതമാനത്തിലേക്ക് മടങ്ങി വന്നെന്ന് മഞ്ജിമ പറയുന്നു. മനസ്സില്‍ ഭയവും സംശയും നിശേഷം ഇല്ല. തന്റെ മേല്‍ വിശ്വാസം പുലര്‍ത്തിയവര്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി പ്രകാശിപ്പിച്ചാണ് മഞ്ജിമ തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്