ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്റെ ഏഴാമത് ആഗോള സമ്മേളനത്തില്‍ കേരള ഡിജിപി ലോക്‌നാഥ് ബഹ്‌റ ഐപിഎസിനെ 2019ലെ പ്രവാസി മലയാളി പുരസ്‌കാരത്തിനു തെരഞ്ഞെടുത്തതായി മുഖ്യ രക്ഷാധികാരി മൊന്‍സോണ്‍ മാവുങ്കല്‍ ,പി.എം.എഫ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ (ഓസ്ട്രിയ ), പ്രസിഡന്റ് റാഫി പാങ്ങോട്(സൗദി അറേബ്യ) ,അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസ് കാനാട്ട് (ന്യൂയോര്‍ക്ക്) എന്നിവര്‍ അറിയിച്ചു.
കേരളത്തില്‍ ക്രമസമാധാനപാലനത്തില്‍ ബഹ്‌റയുടെ നേതൃത്വത്തില്‍ നടത്തിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്കും, പ്രവാസി മലയാളികളോട് പ്രകടിപ്പിച്ച പ്രത്യേക താത്പര്യത്തേയും കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുവാന്‍ തീരുമാനിച്ചതെന്ന് മൊന്‍സോണ്‍ മാവുങ്കല്‍ പറഞ്ഞു. ജനുവരി 19നു അങ്കമാലി അഡ്‌ലസ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ചേരുന്ന രാഷ്ടീയ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനത്തില്‍ വച്ചാണ് പുരസ്‌കാരം സമര്‍പ്പിക്കുക.
ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിനും അവര്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും നിരന്തരം പരിശ്രമിക്കുകയും ചെയ്യുന്ന പി.എം.എഫ് വിവിധ രാജ്യങ്ങളില്‍ യൂണീറ്റുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിച്ചുവരുന്നു. നോര്‍ക്ക, ലോക കേരള സഭ തുടങ്ങിയ ഗവണ്‍മെന്റ് സമിതികളില്‍ പി.എം.എഫിന്റെ സാന്നിധ്യം പ്രത്യേകം  ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ പ്രമുഖ വ്യവസായിയും പൊതുകാര്യ പ്രസക്തനുമായ മൊന്‍സോണ്‍ മാവുങ്കലാണ് സംഘടനയുടെ മുഖ്യ രക്ഷാധികാരി. സമ്മേളനം വിജയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ മുന്നേറുക പ്രസിഡന്റ് റാഫി പാങ്ങോട് അറിയിച്ചു.