ന്യൂഡല്‍ഹി: കെ.പി.സി.സിയിലെ ഇരട്ട പദവി വിവാദത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കൊടിക്കുന്നില്‍ സുരേഷ് എം.പി. മുല്ലപ്പള്ളി പ്രസിഡന്റ് സ്ഥാനം ഒഴിയുമ്ബോള്‍ മാത്രമേ താന്‍ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ഒഴിയൂ എന്നും അതല്ലെങ്കില്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെടണമെന്നും കൊടിക്കുന്നില്‍ പറഞ്ഞു. എം.പിമാരായ വര്‍ക്കിംഗ് പ്രസിഡന്റുമാരെ ഒഴിവാക്കണമെന്ന് ചര്‍ച്ച ചെയ്യുന്നത് ശരിയല്ല. ഒരു പദവി പുനഃസംഘടന ചര്‍ച്ചയുടെ ഭാഗമാക്കേണ്ടന്നും കൊടിക്കുന്നില്‍ പ്രതികരിച്ചു.

കെ.പി.സി.സി പുനഃസംഘടനയില്‍ ഉരട്ട പദവിയെച്ചൊല്ലി തര്‍ക്കം തുടരുകയാണ്. എം.പിമാരായ കെടിക്കുന്നില്‍ സുരേഷിനും കെ സുധാകരനും മാത്രമായി ഇരട്ട പദവിയില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പുകള്‍. മുല്ലപ്പളളി രാമചന്ദ്രന്‍ ഒരു വശത്തും എ, ഐ ഗ്രൂപ്പുകള്‍ മറുവശത്തും തര്‍ക്കം മുറുകുകയാണ്.

ജംബോ പട്ടികയ്‌ക്കെതിരെ തുടക്കത്തില്‍ നിലപാട് സ്വീകരിച്ച മുല്ലപ്പള്ളി പിന്നീട് ഭാരവാഹികളുടെ എണ്ണത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നു. എന്നാല്‍ ഒരാള്‍ക്ക് ഒരു പദവി എന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. നിലവില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ഇരട്ട പദവി വഹിക്കുന്നവരാണ്. യുത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് പരിഗണിക്കുന്നവരും നിലവില്‍ എം.എല്‍.എമാരാണ്.