പുനലൂര്‍ : സര്‍വകലാശാലകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥി യൂണിയനുകള്‍ ട്രേഡ് യൂണിയനുകളല്ലെന്ന് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ . ഭരണഘടന അനുശാസിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കാനുള്ള ഉത്തരവാദിത്വം വിദ്യാര്‍ഥികള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . പുനലൂര്‍ ശ്രീനാരായണ കോളേജിന്റെ കനകജൂബിലി ആഘോഷങ്ങളുടെ സമാപനവും ജൂബിലിമന്ദിരവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍ .

‘മികച്ച വ്യക്തിത്വവും മറ്റുള്ളവരുമായി സംവദിക്കാനുള്ള കഴിവും പകരുന്ന വിദ്യാഭ്യാസം ക്ലാസ്‌മുറികളില്‍ നല്‍കുകയെന്നതാണ് സര്‍വകലാശാലകളുടെയും കലാലയങ്ങളുടെയും കടമ . നമ്മെ സ്വതന്ത്രമാക്കുന്ന ഏറ്റവും വലിയ ശക്തി എന്നത് വിദ്യാഭ്യാസമാണ് . അറിവില്ലായ്മയുടെ ഇരുട്ടില്‍നിന്ന്‌ നമ്മെ അറിവിന്റെ വെളിച്ചത്തിലേക്ക്‌ നയിക്കുന്നത് വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാനും നിലനിര്‍ത്താനുമുള്ള മാര്‍ഗം. മാനേജുമെന്റുകള്‍ക്കാണ് ഇതിന്റെ ചുമതല’ .

‘ജീവിതത്തില്‍ വിജയിക്കാനും തൊഴില്‍ ലഭിക്കാനും ഉതകുന്ന നൈപുണ്യത്തോടെയാണ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങുന്നതെന്ന് മാനേജ്‌മെന്റുകള്‍ ഉറപ്പുവരുത്തണം. പ്രായോഗിക പരിജ്ഞാനത്തില്‍ ഊന്നല്‍ നല്‍കുന്നതിനൊപ്പം തന്നെ പാരിസ്ഥിതിക ബോധംകൂടി കുട്ടികളില്‍ വളര്‍ത്തിയെടുക്കണം’ – ഗവര്‍ണര്‍ വ്യക്തമാക്കി .