ന്യൂഡല്‍ഹി: വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹര്‍ജി ഡല്‍ഹി തീസ്ഹസാരി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ ഹര്‍ജി പരിഗണിക്കവേ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തതിനെതിരേ കോടതി രൂക്ഷ വിമര്‍ശനമഴിച്ചുവിട്ടിരുന്നു.

ജുമാ മസ്ജിദില്‍ പ്രതിഷേധിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച കോടതി ജുമാ മസ്ജിദ് എന്താണ് പാകിസ്താനിലാണോ?അവിടെയെന്താ പ്രതിഷേധിച്ചൂടെ? പ്രതിഷേധിക്കുന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് അറിയില്ലേ? എന്നായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍. തീഹാര്‍ ജയിലില്‍ കഴിയുന്ന ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ജുമാ മസ്ജിദിന് സമീപത്തുള്ള ദരിയ ഗഞ്ചില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ആസാദിനെ അറസ്റ്റ് ചെയ്തത്. കലാപത്തിനും അക്രമത്തിനും ആസാദ് ആഹ്വാനം ചെയ്‌തെന്നാണ് പോലിസ് ഭാഷ്യം.

ധര്‍ണയിലെ പ്രതിഷേധത്തിലോ എന്താണ് തെറ്റ്. നിങ്ങളുടെ ചിന്ത എന്താണ്. പ്രതിഷേധിക്കുകയെന്നത് ഒരു പൗരന് ഭരണഘടന നല്‍കുന്ന അവകാശമാണെന്നും ഡല്‍ഹി പോലിസിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടറോട് കോടതി പറഞ്ഞു. പ്രതിഷേധം നടന്നതിനെ കുറിച്ച്‌ പോലീസ് വിവരിക്കുന്നത് കേട്ടാല്‍ ജുമാ മസ്ജിദ് പാക്കിസ്ഥാനിലാണെന്ന് തോന്നുമല്ലോയെന്നും കോടതി വിമര്‍ശിച്ചു.

പ്രതിഷേധിക്കാന്‍ മുന്‍കൂട്ടി അനുമതി വാങ്ങുന്നത് എന്തിനാണ്. തുടര്‍ച്ചയായി നിരോധനാജ്ഞ നടപ്പാക്കാന്‍ സെക്ഷന്‍ 144 പ്രഖ്യാപിക്കുന്നത് അധികാര ദുര്‍വിനിയോഗമാണെന്ന് സുപ്രിം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ ഭരണഘടന വായിച്ചിട്ടില്ലേയെന്നും കോടതി ചോദിച്ചിരുന്നു. ആസാദിനെതിരെയുള്ള എല്ലാ കേസുകളുടെയും വിവരങ്ങള്‍ ഇന്ന് ഹാജരാക്കാനും നിര്‍ദ്ദേശമുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജുമാമസ്ജിദിന് മുന്നിലെ പ്രതിഷേധത്തിനിടെയാണ് ചന്ദ്രശേഖര്‍ ആസാദിനെ പോലിസ് അറസ്റ്റ് ചെയ്തത്.