ഭുവനേശ്വര്‍: പ്രായപൂര്‍ത്തിയാവാത്ത മകന് ബൈക്കോടിക്കാന്‍ നല്‍കിയ പിതാവിന് പിഴശിക്ഷ. ഒഡീഷയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത മകനെ ബൈക്കോടിയ്ക്കാന്‍ അനുവദിച്ചതിന് മങ്കരാജ് പ്രിതയില്‍ എന്നയാള്‍ക്കാണ് പിഴ ശിക്ഷ വിധിച്ചത്. 26000 രൂപയാണ് പിഴ ചുമത്തിയത്.

ഒഡീഷ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് പിതാവിനെതിരെ നടപടി സ്വീകരിച്ചത്. തലസ്ഥാനമായ ഭുവനേശ്വറിന് സമീപത്തുള്ള ബരാങ് എന്ന സ്ഥലത്തേക്കാണ് കുട്ടി ബൈക്കോടിച്ച്‌ പോയത്. ഹെല്‍മറ്റില്ലാതെയും ലൈസന്‍സ് ഇല്ലാതെയും ബൈക്കോടിച്ച കുട്ടിയെ ബാരാങ്ങില്‍ വെച്ച്‌ പോലീസ് പിടികൂടുകയായിരുന്നു.

വാഹനത്തിന്റെ രേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലായത്. കുട്ടിയെ ട്രാഫിക്ക് മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ പോലീസ് ബൈക്ക് കണ്ടുകെട്ടുകയും പിഴ ചുമത്തിയതായി കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തു.