കോഴിക്കോട്: കൂടത്തായി കേസില്‍ മജിസ്ട്രേറ്റിന് മുമ്ബാകെ രഹസ്യമൊഴി നല്‍കിയ സാക്ഷിയോട് സംസാരിച്ച്‌ കേസിലെ മുഖ്യപ്രതി ജോളി. കൊല്ലപ്പെട്ട ടോം തോമസിന്‍റെ ബന്ധുവും കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളുമായ ജോസഫ് ഹില്ലാരിയോസിനോടാണ് റിമാന്‍ഡ് പ്രതിയായ ജോളി സംസാരിച്ചത്. ഈ സമയം ജോളിക്കൊപ്പം വനിതാ പോലീസും ഉണ്ടായിരുന്നു.

സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായതായാണ് ആരോപണം. സിറ്റി പോലീസ് കമ്മീഷണറോട് റൂറല്‍ എസ്പി കെജി സൈമണ്‍ വിശദീകരണം തേടും. സിലി വധക്കേസില്‍ റിമാന്‍ഡ് കാലാവധി നീട്ടുന്നതിനായി തിങ്കളാഴ്ച ജോളിയെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് വീഴ്ചയുണ്ടായിരിക്കുന്നത്.

കടലക്കറിയിലും കുടിവെള്ളത്തിലും കലര്‍ന്ന സയനൈഡ് ഉളളില്‍ച്ചെന്ന് 2011 സെപ്റ്റംബര്‍ 30നാണ് ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് കൊല്ലപ്പെടുന്നത്. സംഭവത്തില്‍ ദുരൂഹതയാരോപിച്ച്‌ ജോസഫ് ഹില്ലാരിയോസായിരുന്നു ആദ്യം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് കോടഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തതും ഇന്‍ക്വസ്റ്റ് നടത്തിയതും.

എന്നാല്‍ പിതാവിന്റെ സ്വത്ത് ഭാഗം വച്ചതുമായുണ്ടായ തര്‍ക്കത്തില്‍ സഹോദരന്‍ നല്‍കിയ കേസില്‍ ഹാജരാകാണ് താന്‍ കോടതിയില്‍ എത്തിയതെന്ന് ജോസഫ് ഹില്ലാരിയോസ് പറയുന്നു. കോടതിയില്‍ വെച്ച്‌ അപ്രതീക്ഷിതമായി കണ്ടപ്പോള്‍ ജോളി തന്റെ സമീപത്തേയക്ക് വരികയും കുടുംബത്തിലെ മറ്റുള്ളവര്‍ തന്നെക്കുറിച്ച്‌ എന്താണ് പറയുന്നതെന്ന് അന്വേഷിച്ചെന്നമാണ് ജോസഫ് ഹില്ലാരിയോസ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നല്‍കിയ വിശദീകരണം.