ന്യൂഡല്‍ഹി: ഇനിമുതല്‍ സര്‍ക്കാര്‍, കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ യോഗ ബ്രേക്കും. ജീവനക്കാര്‍ക്ക് മനസ്സിനും ശരീരത്തിനും ഉണര്‍വ്വേകാന്‍ യോഗ ചെയ്യാന്‍ അവസരം ഒരുക്കുക എന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് യോഗ ബ്രേക്ക് അഥവാ വൈ ബ്രേക്ക് അവതരിപ്പിക്കുന്നത്.

അഞ്ച് മിനിറ്റായിരിക്കും ബ്രേക്ക് സമയം. ആയുഷ് മന്ത്രാലയവും മൊറാര്‍ജി ദേശായി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗയും വഴിയാണ് ഈ പദ്ധതി തയാറാക്കിയിട്ടുള്ളത്. അഞ്ച് മിനിറ്റില്‍ ചെയ്യാവുന്ന ലളിതമായ യോഗ മുറകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഈ യോഗമുറകള്‍ പരിചയപ്പെടുത്തുന്ന കൈപ്പുസ്തകവും വിഡിയോയും തയ്യാറാക്കിയിട്ടുമുണ്ട്. ഇതിനോടകം ഏതാനും സ്ഥാപനങ്ങളില്‍ യോഗ ബ്രേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുണ്ട്. ടാറ്റ കെമിക്കല്‍സ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ കമ്ബനികള്‍ പുതിയ പദ്ധതിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.