തിരുവനന്തപുരം: കാന്‍സര്‍ ബാധിച്ച കോശങ്ങളെ നീക്കം ചെയ്ത ശേഷം സമീപ കോശങ്ങളിലേക്കു പടരാതിരിക്കാനുള്ള കുര്‍ക്കുമിന്‍ വേഫര്‍ സാങ്കേതിക വിദ്യയ്ക്കു ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ടിനു യുഎസ് പേറ്റന്റ്. മഞ്ഞളില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന കുര്‍ക്കുമിന്‍ ഉപയോഗിച്ചു ശ്രീചിത്രയിലെ ഡോ.ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വികസിപ്പിച്ച സാങ്കേതിക വിദ്യയ്ക്കാണു പേറ്റന്റ്. സാങ്കേതിക വിദ്യ വ്യാവസായിക അടിസ്ഥാനത്തില്‍ കൈമാറാന്‍ തയാറായതായി ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹകരണത്തോടെയായിരുന്നു ഗവേഷണം.

കുര്‍ക്കുമിന്‍, ഹ്യൂമന്‍ പ്ലാസ്മ, ആല്‍ബുമിന്‍, ഫൈബ്രിനോജന്‍ എന്നീ പ്രോട്ടീനുകള്‍ ചേര്‍ത്തു കനംകുറഞ്ഞ പാളികളുടെ (വേഫര്‍) രൂപത്തിലാക്കിയാണു ചികിത്സയ്ക്ക് ഉപയോഗിക്കുക. കാന്‍സര്‍ ബാധിച്ച ഭാഗങ്ങളില്‍ ശസ്ത്രക്രിയയ്ക്കു ശേഷം ഈ വേഫര്‍ പതിക്കുമ്പോള്‍ ടിഷ്യു ഫ്‌ലൂയിഡ് വഴി കുര്‍ക്കുമിന്‍ കാന്‍സര്‍ ബാധിത കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടും. കുര്‍ക്കുമിന്‍ കാന്‍സറിനെ പ്രതിരോധിക്കുമെന്നു നേരത്തെ തെളിയിക്കപ്പെട്ടിരുന്നു. പക്ഷേ, ഇതു കാന്‍സര്‍ ബാധിത ശരീര ഭാഗങ്ങളിലെത്തിക്കുകയെന്നതായിരുന്നു വെല്ലുവിളി.

ശസ്ത്രക്രിയ കഴിഞ്ഞ ഭാഗങ്ങളിലെ രക്തസ്രാവം കുറയ്ക്കാനും ഫൈബ്രിനോജന്‍ ഉപകരിക്കും.ഇനി? യുഎസ് പേറ്റന്റ് ലഭിച്ചതോടെ ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഈ സാങ്കേതികവിദ്യ മരുന്നു ഗവേഷണ സ്ഥാപനങ്ങള്‍ക്കു കൈമാറും. നിയമപരമായ അനുമതികള്‍ വാങ്ങുന്നത് അവരുടെ ചുമതലയാണ്. കുര്‍ക്കുമിനും ആല്‍ബുമിനും സംയോജിപ്പിച്ചു കീമോതെറപ്പിക്ക് ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യ ശ്രീചിത്ര നേരത്തെ വികസിപ്പിച്ചു കൈമാറിയിരുന്നു. ഇതിനുള്ള പേറ്റന്റ് ഉടന്‍ ലഭിക്കും.

നിലവിലുള്ള കീമോതെറപ്പിയില്‍ കാന്‍സര്‍ രോഗമുള്ള കോശങ്ങള്‍ക്കൊപ്പം രോഗമില്ലാത്തവയും നശിപ്പിക്കപ്പെടുന്നുണ്ട്. ഇതുമൂലം ഛര്‍ദിയും മുടികൊഴിച്ചിലും ഉള്‍പ്പെടെ പാര്‍ശ്വഫലങ്ങളുമുണ്ട്. കുര്‍ക്കുമിന്‍ വേഫര്‍ സാങ്കേതികവിദ്യ വരുന്നതോടെ പാര്‍ശ്വഫലങ്ങള്‍ പൂര്‍ണമായി ഇല്ലാതാകും. ചികില്‍സയുടെ ചെലവ് കുറയും.