ന്യൂ ഡല്‍ഹി: നിര്‍ഭയ കേസുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു. സുപ്രീം കോടതി തിരുത്തല്‍ ഹര്‍ജിയും തള്ളിയതിന് പിന്നാലെയാണ് ദയാഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ജനുവരി 22നാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുക. കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജിയാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍.എഫ്.നരിമാന്‍, ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍, എന്‍.വി.രമണ, എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ച് തള്ളിയത്. മുകേഷ് സിങ് വധശിക്ഷയില്‍ നിന്നും ഇളവ് നല്‍കണമെന്നാവശ്യപ്പെട്ടാണ് ദയാഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

2012 ഡിസംബര്‍ 16നു രാത്രി പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടബലാത്സംഗത്തിനും ക്രൂരമര്‍ദനത്തിനും ഇരയാക്കി കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രതി ശിക്ഷ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറക്കിയിരുന്നു. ഒന്നാം പ്രതി രാം സിങ് തിഹാര്‍ ജയിലില്‍ തടവില്‍ കഴിയവേ തൂങ്ങിമരിച്ചു.