പൊടിശല്യത്തെ തുടര്‍ന്ന് മരടില്‍ മെഡിക്കല്‍ ക്യാമ്ബുകള്‍ ആരംഭിച്ചു. ഫ്ലാറ്റുകള്‍ തകര്‍ത്തതോടെ മരടില്‍ പൊടിശല്യം രൂക്ഷമായിരുന്നു. പരിസരവാസികളില്‍ പലര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു തുടങ്ങി. ഇതിനെ തുടര്‍ന്നാണ് മരട് നഗരസഭ മെഡിക്കല്‍ ക്യാമ്ബ് സംഘടിപ്പിച്ചത്. വീട്ടിലുള്ള എല്ലാവര്‍ക്കും പൊടിശല്യത്തെ തുടര്‍ന്ന് അസുഖങ്ങളാണെന്ന് ക്യാമ്ബിലെത്തിയവര്‍ പറയുന്നു.

അതിനിടെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊടിശല്യം കുറക്കാന്‍ വലിയ മോട്ടോര്‍ ഉപയോഗിച്ച്‌ കെട്ടിടാവശിഷ്ടങ്ങളില്‍ വെള്ളം പമ്ബ് ചെയ്യുന്നുണ്ട്. സമീപത്തെ കായലില്‍ നിന്നും വെള്ളം പമ്ബു ചെയ്തു കോണ്‍ക്രീറ്റുകള്‍ കുതിര്‍ത്തിയ ശേഷം ജെ സി ബിയും മറ്റുപകരണങ്ങളും കൊണ്ടു തകര്‍ത്താണ് കമ്ബിയും സിമെന്റ് പാളികളും വേര്‍തിരിക്കുന്നത്.

പൊടി ശല്യം തീര്‍ത്തും ഒഴിവാക്കി നാട്ടുകാരുടെ ആശങ്ക പരിഹരിച്ച ശേഷമേ അവശിഷ്ടങ്ങള്‍ യാര്‍ഡിലേക്ക് മാറ്റൂ എന്ന് കരാര്‍ കമ്ബനി അധികൃതര്‍ പറഞ്ഞു.