ബെയ്ജിംഗ്: റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തിലേയ്ക്ക് ബസ് മറിഞ്ഞ് യാത്രക്കാരും വഴിയാത്രക്കാരും ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു.

കൂടാതെ പത്തിലധികം പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റ പതിനാറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഖിങ്ഹായ് പ്രവിശ്യയുടെ തലസ്ഥാനമായ ഷിനിങ്ങിനിലെ ഒരു ബസ്റ്റോപ്പിനടുത്ത് തിങ്കളാഴ്ച വൈകിട്ടാണ് അപകടം നടന്നത്. അപകടത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ ശമിക്കുന്നതിന്‍റെ വീഡിയോകളും പ്രചരിക്കുന്നുണ്ട്.

സ്റ്റോപ്പിലേക്ക് ബസ് എത്തിയതിനു തൊട്ടു പിന്നാലെയാണ് ബസിന് മുന്നിലായി ഒരു വലിയ ഗര്‍ത്തം രൂപപ്പെട്ടത്. ബസ് ഗര്‍ത്തത്തിലേക്ക് വീണതിനു പിന്നാലെ ഗര്‍ത്തത്തിനുള്ളില്‍നിന്നും സ്ഫോടനവും ഉണ്ടാകുകയായിരുന്നു.

മഴയെത്തുടര്‍ന്ന് റോഡിന് താഴെയുള്ള ജല പൈപ്പുകള്‍ തകരാറിലായതായിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസ്സിലാകുന്നത്‌.

ചൈനയില്‍ ഇതാദ്യമായിട്ടല്ല അപകടങ്ങളുണ്ടാകുന്നത്. 2016 ല്‍ സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയിലെ റോഡിലും ഗര്‍ത്തം രൂപപ്പെട്ടിരുന്നു. അന്ന് മൂന്നുപേരുടെ ജീവനാണ് പൊലിഞ്ഞത്.

2013 ല്‍ ഷെന്‍ഷെനിലെ ഒരു വ്യവസായ എസ്റ്റേറ്റിന്‍റെ കവാടത്തില്‍ 10 മീറ്റര്‍ വീതിയുള്ള സിങ്ക്‌ഹോള്‍ തുറന്നപ്പോള്‍ അഞ്ചു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.