ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കും തുടര്‍ന്നുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്കെതിരെ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ലെ. ഇന്ത്യയില്‍ നിലവിലുള്ള സാഹചര്യം ദുഖകരമാണെന്നും കുടിയേറി എത്തുന്നവര്‍ക്ക് മികച്ച തുടക്കം നല്‍കുന്ന ഇന്ത്യയിലേക്കാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.വളരെ ദുഖകരമായ കാര്യമാണ്. അത് നല്ലതല്ല. ഞാന്‍ ഇഷ്ടപ്പെട്ടുന്നത് ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്ന കുടിയേറ്റക്കാരന്‍ അടുത്ത ഇന്‍ഫോസിസ് സിഇഒ ആയി കാണാനാണ്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമഭേദഗതിയെ പിന്‍തുണച്ചും തള്ളിയും വിവാദങ്ങള്‍ അലയടിക്കുന്ന സാഹചര്യത്തിലാണ് സത്യ നാദല്ലെയുടെ ഈ പ്രതികരണം. മാധ്യമ സ്ഥാപനമായ ബസ്ഫീഡിന്റെ എഡിറ്ററായ ബെന്‍ സ്മിത്തിനോടാണ് സത്യ നാദല്ലെ ആദ്യം പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ മൈക്രോസോഫ്റ്റ് സത്യ നാദല്ലെയുടെ പ്രതികരണം ട്വീറ്റ് ചെയ്തത്.

രാജ്യ സുരക്ഷയെ മുന്‍ നിര്‍ത്തി അതിര്‍ത്തികള്‍ നിശ്ചയിക്കണമെന്നും അതിര്‍ത്തി നിര്‍ണയത്തിന് രാജ്യങ്ങള്‍ ക്ക് അവരുടേതായ പോളിസികള്‍ ഉണ്ടാവുമെന്നും നദെല്ല ട്വീറ്റില്‍ കുറിച്ചു. മാത്രമല്ല താന്‍ ഇന്ത്യയില്‍ വളര്‍ന്ന് അമേരിക്കയില്‍ കുടിയേറിയതാണ്. അതിനാല്‍ വിവിധ സംസ്‌കാരങ്ങളിലൂന്നിയുള്ളതാണ് തന്റെ പൈതൃകം. കുടിയേറി എത്തുന്നവര്‍ക്ക് മികച്ച തുടക്കം നല്‍കുന്ന ഇന്ത്യയിലേക്കാണ് തന്റെ പ്രതീക്ഷയെന്നും സത്യ നാദല്ലെ കൂട്ടിച്ചേര്‍ത്തു.