ദില്ലി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതികരണവുമായി മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലെ. ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ ദുഖകരമാണെന്നാണ് തനിക്ക് തോന്നുന്നതെന്ന് സത്യ നാദല്ലെ പ്രതികരിച്ചു. മാന്‍ഹട്ടനില്‍ നടന്ന പരിപാടിക്കിടെ ബസ്സ് ഫീഡ് ന്യൂസ് എഡിറ്റര്‍ ബെന്‍ സ്മിത്തിനോടായിരുന്നു നാദല്ലെയുടെ പ്രതികരണം. സത്യ നാദല്ലെയുടെ വാക്കുകള്‍ ബെന്‍ സ്മിത് ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയായിരുന്നു.

”ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ദുഖകരമാണ്, ദുഖകരം മാത്രമാണ്. ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലെത്തുന്ന കുടിയേറ്റക്കാരന്‍ അടുത്ത യുണികോണ്‍ സൃഷ്ടിക്കുന്നതോ അടുത്ത ഇന്‍ഫോസിസ് സിഇഒയോ ആയി കാണാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ട്” സത്യ നാദല്ലെ പറഞ്ഞു.

ഇതിന് പിന്നാലെ മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലും സത്യാ നാദല്ലെയുടെ പ്രസ്താവന പ്രത്യക്ഷപ്പെട്ടു. എല്ലാ രാജ്യങ്ങളും അവരുടെ അതിര്‍ത്തി നിര്‍ണയിക്കുകയും ദേശീയ സുരക്ഷ ഉറപ്പാക്കുകയും അനുയോജ്യമായ കുടിയേറ്റ നയം നടപ്പാക്കുകയും വേണം. ജനാധിപത്യ രാജ്യങ്ങളില്‍ ഇത് ജനങ്ങളും അവരുടെ സര്‍ക്കാരും ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണ്. സാംസ്കാരിക വൈവിധ്യമുള്ള ഇന്ത്യയില്‍ വളര്‍ന്നതിലൂടെയും യുഎസിലെ എന്റെ കുടിയേറ്റ അനുഭവങ്ങളിലൂടെയുമാണ് ഞാന്‍ രൂപീകരിക്കപ്പെട്ടിട്ടുള്ളത്. ഒരു കുടിയേറ്റക്കാരന് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയുന്ന ഇന്ത്യന്‍ സമൂഹത്തിനും സാമ്ബത്തിക രംഗത്തിനും സംഭാവനകള്‍ ചെയ്യാന്‍ കഴിയുന്ന ഒരു ഇന്ത്യയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സത്യ നാദല്ലെ പറയുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് മൈക്രേസോഫ്റ്റ് സിഇഒയുടെ പ്രതികരണം. ഇത്തരം കൂടുതല്‍ പ്രതികരണങ്ങള്‍ ഐടി മേഖലയില്‍ നിന്നും വരാന്‍ സത്യ നാദല്ലെയുടെ പ്രതികരണം സഹായിക്കുമെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പറഞ്ഞു.

Ben Smith

@BuzzFeedBen

Asked Microsoft CEO @satyanadella about India’s new Citizenship Act. “I think what is happening is sad… It’s just bad…. I would love to see a Bangladeshi immigrant who comes to India and creates the next unicorn in India or becomes the next CEO of Infosys” cc @PranavDixit

11.3K people are talking about this

source: oneindia.com