ന്യൂഡല്‍ഹി > മരട്‌ ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ടിവന്നതില്‍ സങ്കടമുണ്ടെന്നും ഇനിയെങ്കിലും അനധികൃത നിര്‍മ്മാണങ്ങള്‍ കുറയുമെന്ന്‌ പ്രതീക്ഷിക്കാമെന്നും ജസ്‌റ്റിസ്‌ അരുണ്‍ മിശ്ര. നിയമം ലംഘിക്കുന്നവര്‍ക്കുള്ള പാഠമാകണം ഇതെന്നും അദ്ദേഹം പറഞ്ഞു.

തീരദേശ പരിപാലന നിയമം ലംഘിച്ച്‌ മരട് നഗരസഭാ പരിധിയില്‍ പണിതുയര്‍ത്തിയ നാല് ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച്‌ മാറ്റിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. മരട്‌ ഫ്‌ളാറ്റുകള്‍പൊളിക്കാന്‍ ഉത്തരവിട്ടത്‌ ജസ്‌റ്റിസ്‌ അരുണ്‍ മിശ്രയാണ്‌. നിയമം ലംഘിച്ച ഫ്ലാറ്റുകള്‍ പൊളിച്ച്‌ മാറ്റണമെന്ന് കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.

പൊളിച്ച്‌ മാറ്റിയ ഫ്ലാറ്റുകളുടെ അവശിഷ്‌ടങ്ങളെല്ലാം എത്രയും വേഗം എടുത്ത് മാറ്റണം. കായലില്‍ വീണ അവശിഷ്ടങ്ങളും അടിയന്തരമായി വാരിമാറ്റണെമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നഷ്‌ടപരിഹാരം സംബന്ധിച്ച്‌ പരാതിയുള്ളവര്‍ക്ക് അക്കാര്യം അപേക്ഷയായി കോടതിയെ അറിയിക്കാം. നാല് ആഴ്ചക്കകം തുടര്‍ ഉത്തരവ് ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.