തിരുവനന്തപുരം ശംഖുമുഖം ബീച്ചില്‍ യുവതിയും സുഹൃത്തുക്കളും സദാചാരപൊലീസിങ്ങിന് ഇരയായ സംഭവത്തില്‍ പ്രതികരണവുമായി അഡ്വ.ഹരീഷ് വാസുദേവന്‍. പരാതിക്കാരിയെ ശാസിക്കുന്ന പൊലീസുകാരെ വച്ചാണോ സ്ത്രീകളുടെ രാത്രിസഞ്ചാരം ഉറപ്പാക്കാന്‍ പോകുന്നത്? പൊലീസിനുള്ള സാമൂഹ്യവിരുദ്ധരെ നിലയ്ക്ക് നിര്‍ത്തിയാല്‍ മാത്രമേ സ്ത്രീസൗഹൃദ പൊലീസ് സ്റ്റേഷനും സ്ത്രീകളുടെ സുഗമമായ രാത്രി സഞ്ചാരവും ഉറപ്പാക്കാനാകൂ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്

കേരളത്തില്‍ പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും ക്രിമിനലുകളുടെ ഭീതിയില്ലാതെ രാത്രി ഇറങ്ങി നടക്കാന്‍ കഴിയണം എന്നതാണ് സംസ്ഥാനസര്‍ക്കാരിന്റെ പ്രഖ്യാപിതനയം. മുന്നിലും പിന്നിലും പൊലീസുകാരെ നിയോഗിച്ചു കൊണ്ടു പ്രതീകാത്മകമായെങ്കിലും ചില റോഡുകളില്‍ സ്ത്രീകള്‍ രാത്രി ഇറങ്ങിനടന്നു ഒരു പുതിയ സംസ്‌കാരം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമിച്ചിരുന്നു. സ്‌ക്രിപ്റ്റഡ് ആയിരുന്നുവെങ്കിലും താരതമ്യേന അതൊരു നല്ല നീക്കം തന്നെയായിരുന്നു. അതൊന്നുമില്ലാതെയും സ്ത്രീകള്‍ക്ക് രാത്രി ഏത് പൊതുസ്ഥലത്തും ഭീതിയില്ലാതെ സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ പൊലീസിന് ബാധ്യതയുണ്ട്.

എന്നാല്‍ ഇന്നലെ രാത്രി സാമൂഹ്യ ദ്രോഹികളില്‍ നിന്ന് അക്രമം ഏറ്റ Sreelakshmi Arackal പരാതിപ്പെടാന്‍ പോലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ പരാതിക്കാരിയെ മര്യാദ പഠിപ്പിക്കുന്ന പൊലീസുകാരെയാണ് കണ്ടത്.

‘എന്റെ മോള്‍ ആണെങ്കില്‍ ഞാന്‍ രാത്രി പുറത്ത് വിടില്ല’ എന്നൊക്കെ പ്രായപൂര്‍ത്തിയായ മക്കളുടെ കാര്യത്തില്‍ തീരുമാനം പറയുന്ന പോലീസ് ഏമാന്‍മാരെ വെച്ചാണോ കേരള പോലീസ് സ്ത്രീസുരക്ഷ നടപ്പാക്കാന്‍ പോകുന്നത്? പരാതിക്കാരിയെ ശാസിക്കുന്ന പൊലീസുകാരെ വെച്ചാണോ സ്ത്രീ സൗഹൃദ പോലീസ് സ്റ്റേഷന്‍ നടത്തുന്നത്? രാത്രിസഞ്ചാരം ഉറപ്പാക്കാന്‍ പോകുന്നത്? Moral policing നിര്‍ത്താന്‍ ആദ്യം പൊലീസിനകത്തെ ഇത്തരം സാമൂഹ്യവിരുദ്ധരെ നിലയ്ക്ക് നിര്‍ത്തണം. SI മാന്യത പാലിച്ചു എന്നതാണ് ആശ്വാസം.

പോലീസ് ട്രെയിനിങ് അക്കാദമിയെപ്പറ്റി ഈയിടെ ഒരു അനുഭവസ്ഥനില്‍ നിന്ന് കേട്ടത് ഫാസിസ്റ്റുകളേ ഉണ്ടാക്കുന്ന സ്ഥലമെന്നാണ്. ട്രെയിനിങ്ങില്‍ തന്നെ മാറ്റം വരുത്തി വേണം ഈ പാട്രിയര്‍ക്കി മനോഭാവത്തിന് പോലീസില്‍ മാറ്റം വരുത്താന്‍. ഒപ്പം, നല്ല ശിക്ഷ കൊടുത്തും.