ശബരിമല: ശബരിമലയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. കളിയിക്കാവിളയിലെ ചെക്ക് പോസ്റ്റില്‍ എ.എസ്.ഐയെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് ശബരിമലയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുസബന്ധിച്ച അറിയിപ്പ് ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈമാറി.
ഭക്തരുടെ വേഷത്തില്‍ തീവ്രവാദികള്‍ ക്ഷേത്രത്തില്‍ എത്തുമെന്നും അതീവജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷാ കാമറകളുടെ പ്രവര്‍ത്തനവും നിരീക്ഷണവും ഉറപ്പാക്കണമെന്നും സുരക്ഷാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശബരിമല, വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമായതിനാലും ദര്‍ശനത്തിന് ഭക്തര്‍ക്ക് വനത്തിലൂടെ സഞ്ചരിക്കേണ്ടതിനാലും ഭക്തരുടെ കൂട്ടത്തിലേക്ക് തീവ്രവാദികള്‍ കടന്നുകൂടാന്‍ സാദ്ധ്യതകളേറെയാണെന്ന് സുരക്ഷാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി സൂചനയുണ്ട്. ശബരിമലയിലെത്തുന്ന വിദേശ തീര്‍ത്ഥാടകരുടെ വിവരങ്ങള്‍ ശേഖരിക്കണം, സന്നിധാനത്തേക്കുള്ള വന പാതയായ പുല്ലുമേടില്‍ പട്രോളിംഗ് ശക്തമാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.
ശബരിമലയില്‍ സുരക്ഷ ശക്തമാക്കാന്‍ പത്തനംതിട്ട, കോട്ടയം എസ്.പിമാര്‍ക്കും ശബരിമല, പമ്ബ, നിലയ്ക്കല്‍, എരുമേലി സ്പെഷ്യല്‍ ഓഫീസര്‍മാര്‍ക്കും ഡി.ജി.പി നിര്‍ദ്ദേശം നല്കി. മുന്നറിയിപ്പിനെ തുടര്‍ന്ന് ഡി.ജി.പിയുടെ ചേംബറില്‍ അടിയന്തര യോഗം കൂടി സുരക്ഷാ നടപടികള്‍ വിലയിരുത്തി. സന്നിധാനത്തും പരിസരത്തുമുള്ള പ്രധാന പോയിന്റുകളില്‍ വിവിധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചു.