കഴിഞ്ഞ 20 വര്‍ഷങ്ങളായി മുംബയ് പൊലീസിന്റെ കൈകള്‍ എത്താനാകാത്തിടത്തായിരുന്നു അയാള്‍. അധോലോകത്തെ പിടികിട്ടാ ക്രിമിനല്‍! കൈയുംകണക്കുമില്ലാതെ കുറ്റകൃത്യങ്ങള്‍ ഒരു പശ്ചാത്താപവുമില്ലാതെ ചെയ്ത് കൂട്ടിയ മനുഷ്യന്‍. ഛോട്ടാരാജന്റെ ‘ കോള്‍ഡ് ബ്ലഡഡ് ‘ കൂട്ടാളി. അതാണ് ഇജാസ് യൂസഫ് ലഖ്ഡാവാല. അയാള്‍ കൊന്നെന്ന് പറയപ്പെടുന്നവരുടെ കൂട്ടത്തില്‍ ഒരു മലയാളിയുമുണ്ടായിരുന്നു. വര്‍ക്കല സ്വദേശി തക്കിയുദ്ദീന്‍ വാഹിദായിരുന്നു അത്. ഇന്ത്യയിലെ ആദ്യത്തെ കൊമേഴ്സ്യല്‍ പ്രൈവറ്റ് പാസഞ്ചര്‍ എയര്‍ലൈന്‍ സര്‍വീസായ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം. ഈസ്റ്റ് വെസ്റ്റ് സ്ഥാപിതമായി മൂന്നാം വര്‍ഷം 1995ല്‍ തക്കിയുദ്ദീന്‍ വെടിയേറ്റു മരിച്ചു.

ഇജാസ് ഉള്‍പ്പെടെ അഞ്ച് പേരായിരുന്നു കേസിലെ പ്രതികള്‍. ഇജാസിന്റെ പേര് പിന്നീടാണ് പ്രതിപ്പട്ടികയില്‍ പൊലീസ് ചേര്‍ത്തത്. അധോലോക നേതാവ് ഛോട്ടാ രാജന്റെ നിര്‍ദേശപ്രകാരമായിരുന്നു തക്കിയുദ്ധീനെ വധിച്ചതെന്നും പറയപ്പെടുന്നു. കഴിഞ്ഞ ബുധനാഴ്‌ച ബീഹാറിലെ പാട്നയില്‍ വച്ച്‌ ഇജാസ് അറസ്റ്റിലായത്. മുംബയ് ക്രൈംബ്രാഞ്ചിന്റെ ആന്റി എക്സ്ടോര്‍ഷന്‍ സെല്ലിന്റെ നേതൃത്വത്തില്‍ ആറ് മാസം നീണ്ട കഠിനമായ പ്രയത്നത്തിന് ശേഷമാണ് ഇജാസിനെ വലയില്‍ വീഴ്ത്തിയത്. ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാരാജന്റെയും സംഘത്തിലെ അംഗമായിരുന്നു ഇജാസ്. മുംബയിലെത്തിച്ച ഇജാസ് 21 വരെ പൊലീസ് കസ്റ്റഡിയില്‍ തുടരും. 1997 മുതല്‍ കാനഡ, കൊളംബിയ, മലേഷ്യ, നേപ്പാള്‍, യു.കെ, യു.എസ്.എ എന്നീ രാജ്യങ്ങളിലായിരുന്നു ഇജാസിന്റെ വാസം. ദാവൂദ് ഇബ്രാഹിമിനെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഇജാസില്‍ നിന്നും അറിയാനാകുമെന്നാണ് മുംബയ് പൊലീസ് കണക്കു കൂട്ടുന്നത്.

വലവിരിച്ച പൊലീസ്

കഴിഞ്ഞ ഡിസംബര്‍ 28നാണ് വ്യാജ പാസ്പോര്‍ട്ടുമായി ഇജാസിന്റെ മകള്‍ ഷിഫ ഷാഹിദ് ഷെയ്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വയസുകാരിയായ മകളുമായി നേപ്പാളിലേക്ക് കടക്കാനായിരുന്നു ഷിഫയുടെ പദ്ധതി. ഇജാസിനായി വലവിരിച്ചിരുന്ന പൊലീസിന് ഷിഫയുടെ അറസ്റ്റ് നിര്‍ണായകമായി. ഇജാസ് വടക്കേ ഇന്ത്യയിലോ നേപ്പാളിലോ ഉണ്ടെന്ന് പൊലീസ് മനസിലാക്കി. ഷിഫ നല്‍കിയ വിവരമനുസരിച്ച്‌ പാട്നയിലെത്തിയ ഇജാസിനെ പൊലീസ് പിടികൂടുകയായിരുന്നു.

വഴുതി മാറിയ വമ്ബന്‍ സ്രാവ്

1969ല്‍ മാഹിമില്‍ ജനിച്ച ഇജാസ് പിന്നീട് ജോഗേശ്വരിയിലേക്ക് താമസം മാറി. കോണ്‍വെന്റ് സ്കൂളില്‍ പഠിക്കവെ 8ാം ക്ലാസില്‍ വച്ച്‌ സഹപാഠിയെ കോമ്ബസ് കൊണ്ട് ആക്രമിച്ച ഇജാസിന് ജുവനൈല്‍ ഹോം വാസവും ലഭിച്ചിരുന്നു. ഇജാസ് ചെറുപ്പത്തില്‍ തന്നെ തന്റെ ക്രിമിനല്‍ വാസന പുറത്തെടുത്തയാളാണ്. തന്റെ സ്കൂള്‍ ടീച്ചറെ ആക്രമിച്ച ഇജാസിന്റെ കഥ ജോഗേശ്വരിയിലെ തെരുവുകള്‍ക്ക് പുതുമയല്ല. 80കളില്‍ ദാവൂദിന്റെ ഡി – കമ്ബനിയിലെ അംഗമായിരുന്നു ഇജാസ്.

21കാരനായ ഇജാസ് 1987ല്‍ ജോഗേശ്വരിയിലെ ലോക്കല്‍ ഗുണ്ടയായ കാശി പാശിയുമായി സൗഹൃദത്തിലായി. കാശിയുടെ ആജ്ഞയനുസരിച്ച്‌ ഇജാസ് ശത്രുവായ ബാബാ സിംഗിന്റെ കൂട്ടാളിയെ കൊന്നു. പൊലീസിന്റെ പിടിയിലായ ഇജാസ് ജയില്‍ വാസത്തിനിടെയാണ് ഛോട്ടാ രാജന്റെ കൂട്ടാളികളെ പരിചയപ്പെടുന്നത്. 1993ലെ മുംബയ് സ്ഫോടന പരമ്ബരയെ തുടര്‍ന്നുണ്ടായ ഭിന്നത ദാവൂദ് ഇബ്രാഹിമിനെയും ഛോട്ടാ രാജനെയും ശത്രുക്കളാക്കിയ സമയമായിരുന്നു അത്. ഛോട്ടാ രാജന്റെ ആദ്യത്തെ കൂട്ടാളികളില്‍ ഒരാളായാണ് ഇജാസിനെ കണക്കുകൂട്ടുന്നത്. 18 വര്‍ഷം ഇജാസ് ഛോട്ടാ രാജനൊപ്പം പ്രവര്‍ത്തിച്ചു.

1993ല്‍ മുംബയ് സ്ഫോടന കേസിലെ കുറ്റംചുമത്തപ്പെട്ട റാസിയെയും ബിസിനസുകാരനായ ഫാരിദ് ലാദിയെയും രാജന്റെ നിര്‍ദ്ദേശമനുസരിച്ച്‌ ഇജാസ് കൊലപ്പെടുത്തി. ക്രിക്കറ്റ് കളിക്കിടെയുള്ള തര്‍ക്കത്തിനിടെ ഹാരണ്‍ മേത്തയെന്നയാള്‍ കൊല്ലപ്പെട്ട കേസില്‍ ഇജാസ് 1998ല്‍ നാസിക് ജയിലിലായെങ്കിലും പൊലീസിനെ വെട്ടിച്ച്‌ മുങ്ങി.

സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അസ്വാരസ്യത്തെ തുടര്‍ന്ന് ഛോട്ടാ രാജനുമായി വേര്‍പിരി‌ഞ്ഞ ഇജാസ് 2001ലാണ് സ്വന്തം ഗ്യാംഗ് രൂപീകരിച്ച്‌ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഇന്ത്യയിലില്ലായിരുന്നുവെങ്കിലും ഫോണ്‍ കോളുകളിലൂടെയുള്ള ഇജാസിന്റെ ഭീഷണികള്‍ക്ക് കുറവൊന്നുമില്ലായിരുന്നു. ബില്‍ഡര്‍മാര്‍, ബിസിനസുകാര്‍, സിനിമാ പ്രവര്‍ത്തകര്‍, വ്യവസായികള്‍ തുടങ്ങിയവരെ വിളിച്ച്‌ ഇജാസ് ഭീക്ഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊലീസുമായുള്ള വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ഇതേവരെ ഇജാസിന്റെ കൂട്ടാളികളില്‍ ഏകദേശം 6 പേരെങ്കിലും കൊല്ലപ്പെട്ടുകാണും.

2002ല്‍ ഇജാസിനെതിരെ പ്രതികാരം വീട്ടാനുള്ള ഒരവസരം ബാങ്കോങ്കില്‍ വച്ച്‌ ദാവൂദിന്റെ ഏറ്റവും അടുത്ത അനുയായി ഛോട്ടാ ഷക്കീലിന് ലഭിച്ചു. ഷക്കീലിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ കൂട്ടാളികള്‍ ബാങ്കോക്കിലെ ഒരു മാര്‍ക്കറ്റില്‍ വച്ച്‌ ഇജാസിനെ ആക്രമിച്ചു. ഏഴ് വെടിയുണ്ടകള്‍ തറച്ചെങ്കിലും ഇജാസ് അത്ഭുതകരമായി രക്ഷപ്പെട്ടു. തുടര്‍ന്ന് കാനഡയിലേക്ക് ചേക്കേറി. കറാച്ചിയില്‍ വച്ച്‌ ദാവൂദിനെ കൊല്ലാന്‍ ഇജാസ് പദ്ധതിയിട്ടെങ്കിലും പാളി. ഇജാസിന്റെ ബോസായിരുന്ന ഛോട്ടാ രാജന് ബാങ്കോക്കിലെ ഒരു ഹോട്ടലില്‍ വച്ച്‌ വധശ്രമമുണ്ടായതിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇജാസിന് നേരെയും അതാവര്‍ത്തിച്ചത്. അത്ഭുതകരമായി രക്ഷപ്പെട്ട രാജനെ 2015ല്‍ ബാലിയില്‍ വച്ച്‌ അറസ്റ്റ് ചെയ്‌തിരുന്നു. രാജന്‍ ഇപ്പോള്‍ തീഹാര്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. 2017ല്‍ വ്യാജപാസ്‌പോര്‍ട്ട് കേസില്‍ 7 വര്‍ഷവും, 2018ല്‍ മാദ്ധ്യമപ്രവര്‍ത്തകനായ ജെ ഡെയ് വധവുമായി ബന്ധപ്പെട്ട് ജീവപര്യന്തവും ശിക്ഷ കോടതി ഛോട്ടാ രാജന് മേല്‍ ചുമത്തിയിരുന്നു. രാജന് മേല്‍ ആരോപിക്കപ്പെട്ട ഏകദേശം 70കളോളം കേസില്‍ ഇനിയും വിചാരണ നടക്കാനുണ്ട്.