മലയാളത്തില്‍ ഹിറ്റായ ഒരുപാട് പരമ്പരകള്‍ ഉണ്ടെങ്കിലും മുന്‍വിധികള്‍ തകര്‍ത്തെറിയാന്‍ മറ്റൊരു പരമ്പര കൂടി എത്തുകയാണ്. വലിയ പ്രേക്ഷകപ്രശംസ ലഭിച്ചതോടെ കൂടത്തായി എന്ന സീരിയലാണ് ഇന്ന് മുതല്‍ സംപ്രേക്ഷണം ആരംഭിക്കുന്നത്. ഫ്‌ളവേഴ്‌സ് ചാനലില്‍ ആരംഭിക്കുന്ന സീരിയലില്‍ നടന്‍ ഷാനവാസ് ആണ് കേന്ദ്രകഥപാത്രത്തെ അവതരിപ്പിക്കുന്നത്.

കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കിയാണ് സീരിയല്‍ ഒരുക്കിയിരിക്കുന്നത്. അതേ സമയം സീരിയലിന്റെ നിര്‍മാണത്തിനെതിരെ വന്ന സ്റ്റേ കോടതി അംഗീകരിച്ചില്ല. കൊല്ലപ്പെട്ട റോയി തോമസിന്റെയും ജോളിയുടെയും മക്കളുടെ പരാതിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനാണ് കോടതിയുടെ തീരുമാനം. ജോളിയുടെ മക്കളുടെ മാനസികാവസ്ഥ കണക്കിലെടുത്ത് സീരിയലും സിനിമയും നിര്‍മ്മിക്കുന്നത് തടയണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

സീരിയലിന് പുറമേ മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന കൂടത്തായി എന്ന സിനിമയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സിനിമ വരുമോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത ഇല്ല. ഇത് മാത്രമല്ല നടി ഡിനി ഡാനിയേല്‍ ജോളിയായി അഭിനയിക്കുന്ന സിനിമയുടെ പ്രൊഡക്ഷന്‍ ആരംഭിച്ചിരുന്നു. ജനുവരി പതിമൂന്ന് മുതല്‍ സീരിയല്‍ ആരംഭിക്കുകയാണ്. ഗീരിഷ് കോന്നിയാണ് സംവിധാനം.