കൊല്ലം: മൂകനും ബധിരനുമായ ലോട്ടറി വില്‍പ്പനക്കാരന് കേരള പൗര്‍ണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. വര്‍ക്കല പാളയംകുന്ന് എസ്.ജി. നിവാസില്‍ പ്രേംകുമാറി(50)നാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. പൗര്‍ണമി ഭാഗ്യക്കുറിയുടെ ആര്‍.ഡബ്ല്യു. 889278 നമ്ബര്‍ ടിക്കറ്റിനാണ് പ്രേംകുമാറിനെ ഭാഗ്യം തേടിയെത്തിയത്.

ഇന്നലെയായിരുന്നു നറുക്കെടുപ്പ്. കഴിഞ്ഞ ദിവസം ബാക്കി വന്ന ടിക്കറ്റിലൊന്ന് ഭാഗ്യക്കുറി വില്‍പ്പനക്കാരനും സുഹൃത്തുമായ ദേവരാജന്‍ പ്രേംകുമാറിനു കൈമാറിയിരുന്നു. ആ ടിക്കറ്റിനു പകരമായി പ്രേംകുമാര്‍ സുഹൃത്തിന് പൗര്‍ണമിയുടെ മറ്റൊരു ടിക്കറ്റ് നല്‍കി. ഫലം വന്നപ്പോഴാണ് തനിക്ക് ദേവരാജന്‍ നല്‍കിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് പ്രേംകുമാര്‍ അറിയുന്നത്.