ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയ്ക്കെതിരേ സംയുക്ത പ്രക്ഷോഭത്തിനു നീക്കം നടത്തിയ കോണ്‍ഗ്രസിനു തിരിച്ചടി. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ബിഎസ്പി നേതാവ് മായാവതി, എന്നിവർക്കു പുറമേ എഎപി അധ്യക്ഷൻ അരവിന്ദ് കേജരിവാളും പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കില്ലെന്നാണു സൂചന.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുക. പ്രതിപക്ഷ പാർട്ടികളെ യോജിപ്പിച്ച് സംയുക്തമായ രീതിയിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിനെ കുറിച്ചാണു യോഗം ചർച്ച ചെയ്യുക. ഡൽഹി തെരഞ്ഞെടുപ്പാണ് എഎപിയെ യോഗത്തിൽനിന്നു വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നതെന്നാണു സൂചന.
പൗരത്വ നിയമ ഭേദഗതിയെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും എതിർക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ കോണ്‍ഗ്രസും ഇടത് പാർട്ടികളും വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നെന്നാണ് മമതയുടെ ആരോപണം. കഴിഞ്ഞ ആഴ്ച തൊഴിലാളി സംഘടനകൾ നടത്തിയ ദേശീയ പണിമുടക്കിൽ ഇടതും തൃണമൂലും തമ്മിലുണ്ടായ സംഘർഷവും ആക്രമണവുമാണ് ഇക്കാര്യത്തിൽ മമത ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, രാജസ്ഥാനിൽ കോട്ടയിലെ ആശുപത്രിയിൽ കൂട്ട ശിശുമരണമുണ്ടായതാണ് മായാവതി കാരണമായി പറയുന്നത്. എന്നാൽ രാജസ്ഥാനിലെ ആറ് ബിഎസ്പി എംഎൽഎമാർ കഴിഞ്ഞ സെപ്റ്റംബറിൽ ഭരണകക്ഷിയായ കോണ്‍ഗ്രസിൽ ചേർന്നതാണ് മായാവതിയുടെ അതൃപ്തിക്കു കാരണമെന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.