ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട വിഷയങ്ങളില്‍ തിങ്കളാഴ്ച ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ മുമ്ബാകെ വാദം ആരംഭിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ഒന്‍പതംഗ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ ആര് ഭാനുമതി, അശോക് ഭൂഷണ്, എല്‍ നാഗേശ്വര്‍ റാവു, മോഹന ശാന്തന ഗൗഡര്‍, അബ്ദുല്‍ നസീര്‍, സുബാഷ് റെഡ്ഡി, ബി ആര് ഗവായ്, സൂര്യകാന്ത് എന്നിവരാണ് ഒന്‍പതംഗ ബെഞ്ചിലെ അംഗങ്ങള്‍.
ശബരിമല യുവതീപ്രവേശന ഉത്തരവിന് എതിരായ 61 പുനഃപരിശോധനാ ഹര്‍ജികളാണ് നിലവില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ബെഞ്ച് തീര്‍പ്പ് കല്‍പ്പിക്കുന്ന വിഷയങ്ങള്‍ രാജ്യത്തെ എല്ലാ മതവിഭാഗങ്ങളെയും ബാധിക്കുന്ന വിഷയമാണ്. അതിനാല്‍ കൂടുതല്‍ പേരെ ബെഞ്ച് കേട്ടേക്കും. കേന്ദ്ര സര്‍ക്കാരിന് പുറമെ സംസ്ഥാന സര്‍ക്കാരുകളെ കേള്‍ക്കണമോ എന്ന കാര്യത്തിലും കോടതിക്ക് തീരുമാനിക്കേണ്ടി വരും. തുടര്‍ച്ചയായി വാദം കേള്‍ക്കുമോ അതോ മറ്റുള്ളവര്‍ക്ക് നോട്ടീസ് അയച്ച ശേഷം പിന്നീട് കേള്‍ക്കാനായി മാറ്റിവയ്ക്കുമോ എന്ന കാര്യം വ്യക്തമല്ല.