കോട്ടയം: മതസൗഹാര്‍ദത്തിന്റെ സന്ദേശവുമായി എരുമേലി പേട്ടതുള്ളല്‍ ചടങ്ങുകള്‍ക്ക് സമാപനം. അമ്ബലപ്പുഴ ആലങ്ങാട് സംഘങ്ങള്‍ എരുമേലിയില്‍ ഭക്തിപുരസ്സരം പേട്ടതുള്ളി. ഉച്ചയ്ക്ക് 12 മണിയോടെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് വട്ടമിട്ട് പറന്നതോടെയാണ് എരുമേലി പേട്ടതുള്ളല്‍ ചടങ്ങുകള്‍ക്ക് തുടക്കമായത്.

പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള അമ്ബലപ്പുഴ സംഘത്തിന്റെതായിരുന്നു ആദ്യ ഊഴം . എരുമേലി വാവര്‍ പള്ളിയില്‍ എത്തിയ സംഘത്തെ മഹല്ല് ഭാരവാഹികള്‍ സ്വീകരിച്ചു. വാവര് സ്വാമിയുടെ പ്രതിനിധിയായി മഹല്ല് ജോയിന്‍ സെക്രട്ടറി ഹക്കിം മാടത്താനി കൂടി ചേര്‍ന്നതോടെ മതസൗഹാര്‍ദ്ദം ഇഴചേര്‍ന്ന് വലിയമ്ബലത്തിലേക്കുള്ള പേട്ട തുള്ളല്‍ തുടങ്ങി. വൈകുന്നേരം 4 മണിയോടെയാണ് ആലങ്ങാട് സംഘത്തിന്റെ പേട്ട തുള്ളല്‍ തുടങ്ങിയത്. പെരിയോന്‍ കെ കെ വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു കൊച്ചമ്ബലത്തില്‍ നിന്നും വലിയ അമ്ബലത്തിലേക്കുള്ള പേട്ട തുള്ളല്‍. വാദ്യമേളങ്ങളും ഗജവീരന്‍മാരും അണിനിരന്നു. നൂറുകണക്കിന് അയ്യപ്പഭക്തരാണ് ചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിക്കാനെത്തിയത്.