കൊച്ചി: നിരന്തര വിമര്‍ശനങ്ങള്‍ക്കൊടുവില്‍ മരടില്‍ സുപ്രീം കോടതി വിധി നടപ്പാക്കി സംസ്ഥാന സര്‍ക്കാര്‍. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന വിധി പുറപ്പെടുവിച്ചത്. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു. കോടതിയുടെ സമയം വെറുതേ കളയരുതെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഇനിയും കോടതിയെ സമീപിക്കേണ്ടതില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറയുകയായിരുന്നു. ഇതോടെയാണ് ഫ്ലാറ്റുടമകള്‍ കൂടുതല്‍ പ്രതിസന്ധിയിലായത്.

രണ്ട് ദിവസങ്ങളിലായി നാല് വന്‍കിട ഫ്ലാറ്റുകളാണ് നിലംപരിശായത്. നിയന്ത്രിത സ്ഫോടനത്തിലൂടെ മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതി അണുവിട വിടാതെയാണ് ‘മിഷന്‍ മരട്’ പൂര്‍ത്തിയാക്കിയത്. പതിനൊന്ന്, പന്ത്രണ്ട് തീയതികളിലാണ് ഫ്ലാറ്റ് തകര്‍ക്കുന്ന നടപടികള്‍ നിശ്ചയിച്ചിരുന്നത്. ഹോളിഫെയ്ത്ത് എച്ച്‌2 ഒ ഫ്ലാറ്റും ആല്‍ഫ സെറീന്‍ ഇരട്ട ഫ്ലാറ്റുകളും സ്ഫോടനത്തിന് തയ്യാറെടുക്കുമ്ബോള്‍ ആദ്യദിനത്തിലെ ആകാംക്ഷ മുഴുവനും ഉണ്ടായിരുന്നു.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണു രണ്ടു ദിവസം കൊണ്ട് ഇത്ര വലിയ കെട്ടിടങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്നത്. ആല്‍ഫാ സെറീന്‍, ഹോളി ഫെയ്ത്ത് എച്ച്‌2ഒ ഫ്ലാറ്റുകള്‍ ഇന്നലെയും ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകള്‍ ഇന്നുമാണ് തകര്‍ത്തത്. ഫ്ലാറ്റ് പൊളിക്കുന്നതിലുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സമയമെടുത്തതിനാല്‍ നിശ്ചയിച്ച സമയത്തില്‍ നിന്നും അരമണിക്കൂര്‍ വൈകിയാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയത്.

1.56ന് ആദ്യ സൈറണും 2.21നു രണ്ടാമത്തേതും മുഴങ്ങി. 26 മിനിറ്റ് വൈകിയാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. മൂന്നാം സൈറണ്‍ മുഴങ്ങിയതിനു പിന്നാലെ ഗോള്‍ഡന്‍ കായലോരം സ്പ്ലിറ്റ് ബ്ലാസ്റ്റിങ് വഴി തകര്‍ത്തു. ആറു സെക്കന്‍ഡിലാണ് ഗോള്‍ഡന്‍ കായലോരം മണ്ണടിഞ്ഞത്. ഫ്ലാറ്റിനു സമീപത്തെ അങ്കണവാടി കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചില്ലെങ്കിലും ചുറ്റുമതില്‍ ഭാഗികമായി തകര്‍ന്നു. അവശിഷ്ടങ്ങള്‍ കായലില്‍ വീണിട്ടില്ലെന്നാണു വിവരം. ചമ്ബക്കര കനാല്‍ തീര റോഡിനോടു ചേര്‍ന്ന് തൈക്കുടം പാലത്തിനു സമീപം സ്ഥിതി ചെയ്തിരുന്ന ഫ്ലാറ്റാണ് കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം. 20 കൊല്ലം മുന്‍പ് മരട് പഞ്ചായത്ത് ആയിരുന്നപ്പോള്‍ ആദ്യം പണിത ഫ്ലാറ്റ് സമുച്ചയം. ഇതിന്റെ ചുവടു പിടിച്ചായിരുന്നു മറ്റു കെട്ടിടങ്ങള്‍ക്കും അനുമതി.

മരടിലെ ജെയിന്‍ കോറല്‍ കോവ് ഫ്ലാറ്റ് രാവിലെ നടന്ന സ്ഫോടനത്തില്‍ തകര്‍ത്തിരുന്നു. 17 നിലകളുള്ള കെട്ടിടം തകരാനെടുത്തത് 5.6 സെക്കന്‍ഡാണെന്ന് എക്സ്പ്ലോസീവ് കണ്‍ട്രോളര്‍ ആര്‍.വേണുഗോപാല്‍ പറഞ്ഞു. ഇതുവരെ തകര്‍ത്തതില്‍ ഏറ്റവും വലിയ ഫ്ലാറ്റാണ് 128 അപ്പാര്‍ട്ട്മെന്റുകളുള്ള ജെയിന്‍ കോറല്‍ കോവ്. ഇതിന്റെ അവശിഷ്ടങ്ങളും കായലില്‍ വീണില്ല. കെട്ടിടം നിന്നിരുന്ന സ്ഥലത്ത് കൂമ്ബാരമായി കുമിഞ്ഞു കൂടി. മുന്‍ നിശ്ചയിച്ച പ്രകാരം 10.30ന് ആദ്യ സൈറണും പിന്നാലെ 10.55ന് രണ്ടാമത്തെ സൈറണും മുഴങ്ങി. 11ന് മൂന്നാമത്തെ സൈറണ്‍ മുഴങ്ങിയതിനു പിന്നാലെ 11.01ന് കെട്ടിടം തകര്‍ന്നു തുടങ്ങി. 5.6 സെക്കന്‍ഡില്‍ ജെയിന്‍ നിലംപതിച്ചു.