തിരുവനന്തപുരം: തുടർച്ചയായ മൂന്നു പരാജയങ്ങൾക്കു ശേഷം രഞ്ജി ട്രോഫിയിൽ പഞ്ചാബിനെ നേരിടുന്ന കേരളത്തിന് ഒന്നാം ഇന്നിംഗ്സിൽ ബാറ്റിംഗ് തകർച്ച. കേരളത്തെ 227 റണ്‍സിന് ഓൾ ഔട്ടാക്കിയ പഞ്ചാബ് ആദ്യദിനം കളി നിർത്തുന്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 13 റണ്‍സ് നേടി.
89 റണ്‍സ് നേടുന്നതിനിടെ ആറു വിക്കറ്റ് നഷ്ടപ്പെട്ട കേരളത്തെ 91 റണ്‍സ് നേടി പുറത്താകാതെ നിന്ന മധ്യനിര ബാറ്റ്സ്മാൻ സൽമാൻ നിസാർ ആണ് വലിയ തകർച്ചയിൽ നിന്നു കര കയറ്റിയത്. 10 ഫോറും രണ്ടു സിക്സറും അടങ്ങുന്നതായിരുന്നു സൽമാന്റെ ഇന്നിംഗ്സ്. റോബിൻ ഉത്തപ്പ (48), അക്ഷയ് ചന്ദ്രൻ (28), വിഷ്ണു വിനോദ് (20) എന്നിവർ മാത്രമാണ് അൽപമെങ്കിലും പിടിച്ചു നിന്നത്.
പഞ്ചാബിനു വേണ്ടി സിദ്ധാർഥ് കൗൾ, ബൽതേജ് സിംഗ്, വിനയ് ചൗധരി എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അവശേഷിച്ച ഒരു വിക്കറ്റ് ഗുർ കീരത് മാൻ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനു വേണ്ടി രോഹൻ മർവാഹ 12 ഉം സൽവീർ സിംഗ് ഒരു റൺസോടെയും ക്രീസിലുണ്ട്.
എലീറ്റ് എ ഗ്രൂപ്പിൽ നാലു കളികൾ കഴിഞ്ഞപ്പോൾ കേരളത്തിന് ആദ്യ മത്സരത്തിൽ ഡൽഹിക്കെതിരേ നേടിയ സമനിലയിലൂടെ ലഭിച്ച മൂന്നു പോയിന്റ് മാത്രമാണുള്ളത്. ഇനിയുള്ള നാലു കളികളും ജയിച്ചാൽ മാത്രമേ കേരളത്തിന് അടുത്ത റൗണ്ടിലേക്കു നേരിയ പ്രതീക്ഷയ്ക്കു പോലുംവകയുള്ളു.