ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ട 37 പേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ‘യൂനിറ്റി എഗയിന്‍സ്റ്റ് ലെഫ്റ്റ്’ എന്ന വാട്സപ്പ് ഗ്രൂപ്പിലെ അംഗങ്ങളെ‍യാണ് തിരിച്ചറിഞ്ഞതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഗ്രൂപ്പിലൂടെ ആക്രമണം ആസൂത്രണം ചെയ്തെന്നാണ് പൊലീസ് കരുതുന്നത്.

37 പേരില്‍ 10 പേര്‍ കാമ്ബസിന് പുറത്തുള്ളവരാണ്. അക്രമത്തില്‍ ഉള്‍പ്പെട്ട ഇടത് വിദ്യാര്‍ഥി സംഘടനകളും എ.ബി.വി.പിയും പുറത്തുനിന്നുള്ളവരെ ഒപ്പംകൂട്ടിയതായി പൊലീസ് പറയുന്നു. പുറത്തുനിന്നുള്ളവര്‍ക്ക് കാമ്ബസിലെത്താന്‍ വിദ്യാര്‍ഥികള്‍ തന്നെ സൗകര്യമൊരുക്കിയെന്ന് പൊലീസ് പറയുന്നു.

ജെ.എന്‍.യു വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തുന്നു

അതിനിടെ ശനിയാഴ്ച രാവിലെ ജെ.എന്‍.യു വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി. അക്രമസംഭവങ്ങള്‍ക്ക് ശേഷം ആദ്യമായാണ് വി.സി വിദ്യാര്‍ഥികളെ കണ്ടത്. എന്നാല്‍, വിദ്യാര്‍ഥി യൂനിയനില്‍ നിന്നുള്ള ഒരാളെ പോലും കൂടിക്കാഴ്ചക്ക് വിളിച്ചിരുന്നില്ല.

ഹോസ്റ്റലുകളില്‍ നിരവധി അനധികൃത താമസക്കാരുണ്ടെന്നും സര്‍വകലാശാലയുമായി ബന്ധമില്ലാത്ത ഇത്തരക്കാരാണ് അക്രമങ്ങളിലേര്‍പ്പെടുന്നതെന്നും വി.സി പറഞ്ഞു. ഹോസ്റ്റലുകള്‍ക്ക് പുറത്ത് സിസിടിവി കാമറകള്‍ സ്ഥാപിക്കുമെന്നും വി.സി പറഞ്ഞു.

ജനുവരി അഞ്ചിന് വൈകീട്ടോടെയാണ് ജെ.എന്‍.യു കാമ്ബസില്‍ എ.ബി.വി.പി നേതൃത്വത്തില്‍ മുഖംമറച്ച അക്രമികള്‍ എത്തി വിദ്യാര്‍ഥികള്‍ക്ക് നേരെ ക്രൂരമായ ആക്രമണം നടത്തിയത്. വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് ഉള്‍പ്പടെ 30ഓളം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിരുന്നു.