ഷിക്കാഗോ: ആറു രാജ്യങ്ങളില്‍ നിന്നു ഇരുനൂറില്‍പ്പരം കലാപ്രതിഭകളുടെ നൃത്തം, പാട്ട്, അഭിനയം, ഉപകരണ സംഗീതം, ഫാഷന്‍ഷോ എന്നീ ഇനങ്ങളില്‍ വാട്ടര്‍ഫോര്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ നാലു ദിവസം നീണ്ടുനിന്ന മത്സരങ്ങള്‍ക്ക് പരിസമാപ്തിയായി. പ്രസിദ്ധ ബോളിവുഡ് സംവിധായകനും, ഹിന്ദി സിനിമയിലെ മ്യൂസിക് ഡയറക്ടറുമായ ജിതിന്‍ പണ്ഡിറ്റും, മറ്റ് ബോളിവുഡ്  താരങ്ങളും ആഘോഷങ്ങളുടെ വിധികര്‍ത്താക്കളായി പങ്കെടുത്തു.

ഇന്ത്യന്‍ ഐക്കണ്‍ ബോര്‍ഡ് മെമ്പര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ബ്രഡ്ജ് ശര്‍മ്മ, യോഗി ഭരദ്‌വാജ്, ജീവിഷന്‍ സി.ഇ.ഒ ഷാരണ്‍ വാലിയ എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ഗ്രാന്റ് ഫിനാലെ ഉദ്ഘാടന ചടങ്ങില്‍ യു.എസ് കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി. ഷാബര്‍ഗ് മേയര്‍ ടോം ഡേലി, ഓക്ബ്രൂക്ക് മേയര്‍ ഡോ. ഗോപാല്‍ ലാല്‍മലാനി, സെറ്റര്‍ റാം വില്ലിവാലം എന്നിവര്‍ പങ്കെടുത്തു.

അമേരിക്ക, കാനഡ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, കരീബിയന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു കലാപ്രതിഭകള്‍ പങ്കെടുത്തു. വിവിധ മത്സരങ്ങളുടെ വിധികര്‍ത്താക്കളായി അമേരിക്കയിലും കാനഡയിലും കുടിയേറിപ്പാര്‍ത്ത മുന്‍ ബോളിവുഡ് ഗായകരും, താരങ്ങളും എത്തിയിരുന്നു. അമേരിക്കയിലെ വിവിധ ബിസിനസ് ഉടമകളും, കലിഫോര്‍ണിയയിലെ പ്രമുഖ ബിസിനസുകാരനായ ഡോ. ഭവിന്ദര്‍ സന്ദുവായിരുന്നു മുഖ്യ സ്‌പോണ്‍സര്‍. ഇന്ത്യയിലെ പ്രമുഖ ടിവി ചാനലായ സീ ടിവി വിവിധ മത്സരങ്ങള്‍ ലൈവായി ഇന്ത്യയിലേക്കും മറ്റു രാജ്യങ്ങളിലേക്കും സംപ്രേഷണം ചെയ്തു.