ചെന്നൈ: കളിയിക്കാവിള അതിര്‍ത്തി ചെക്‌പോസ്റ്റില്‍ വെടിയേറ്റ് മരിച്ച എഎസ്‌ഐയുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട വില്‍സന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായമായി നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. തമിഴ്‌നാട് നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ബുധനാഴ്ച രാത്രി പത്തരയോടെയാണ് കളിയിക്കാവിള സ്റ്റേഷനിലെ സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ വില്‍സന്‍(57) വെടിയേറ്റു കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് വെടിയുതിര്‍ത്തത്. മുഖംമറച്ച്‌ എത്തിയ രണ്ടംഗ സംഘം കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വില്‍സനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

സിംഗിള്‍ ഡ്യൂട്ടി ചെക്ക് പോസ്റ്റിലെ കാവലിനിടെയായിരുന്നു വില്‍സനു നേരെ ആക്രമണമുണ്ടായത്. തലയില്‍ ഉള്‍പ്പടെ നാലു തവണ വെടിയേറ്റ വില്‍സനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യ പ്രതികളെന്ന് സംശയിക്കുന്നവര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുഖ്യപ്രതികളായ തൗഫീക്ക്, സമീം എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതികള്‍ രാജ്യം വിടാനുള്ള സാധ്യത തടയുക ലക്ഷ്യമിട്ട്, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കും.

അതേസമയം എഎസ്‌ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തീവ്രവാദബന്ധം ഏകദേശം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതികള്‍ക്കായുളള അന്വേഷണം ഊര്‍ജ്ജിതമാക്കി. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് നിന്ന് രണ്ടുപേരെ പിടികൂടി. തമിഴ്‌നാട് സ്വദേശികളായ ഷക്കീര്‍ അഹമ്മദ്, അബ്ബാസ് എന്നിവരാണ് പിടിയിലായത്. ഇവരെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. ഇവര്‍ക്ക് വില്‍സണെ വധിച്ചവരുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയമുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു.