കൊച്ചി: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കുന്നതിന് മുന്നോടിയായുള്ള മോക്ഡ്രില്‍ നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐ.ജി വിജയ് സാഖറെ. എച്ച്‌ ടു ഒ ഫ്ലാറ്റാണ് ആദ്യം പൊളിക്കുന്നത്. ഇവിടെ നടത്തിയ മോക്ഡ്രില്ലാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്. മോക്ഡ്രില്‍ എറണാകുളം ജില്ലാ കളക്ടര്‍ സുഹാസ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണറും ഐജിയുമായ വിജയ് സാക്കറെ, ഫോര്‍ട്ട് കൊച്ചി സബ്കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് എന്നിവരടങ്ങുന്ന സംഘം മരട് നഗരസഭയിലെ കണ്‍ട്രോള്‍ റൂമിലെത്തി വീക്ഷിച്ചു. മോക്ഡ്രില്‍ നടത്തിയ ഫ്ലാറ്റിന് മുന്നില്‍ വന്‍ പോലീസ് സംഘത്തെയും വിന്യസിച്ചു. അതേസമയം മോക്ഡ്രില്ലില്‍ സുരക്ഷാ വീഴ്ചകളും ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായും അധികൃതര്‍ വെളിപ്പെടുത്തി. മോക്ഡ്രില്ലിന്റെ ഭാഗമായി നാലുതവണ സൈറണ്‍ മുഴങ്ങി. സൈറണ്‍ മുഴങ്ങുന്നതിന് അനുസരിച്ചായിരിക്കും നിയന്ത്രണങ്ങള്‍. കുണ്ടന്നൂര്‍ – തേവര പാതയിലെ ചെറുറോഡുകളില്‍ ഗതാഗതം മോക്ഡ്രില്ലിന്റെ ഭാഗമായി തടഞ്ഞു.