തൊഴിലാളികളുടെ എണ്ണം അടിസ്ഥാനമാക്കി പുതിയ വ്യവസായ സംരംഭങ്ങള്‍ക്ക് മാസം തോറും സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴില്‍ തര്‍ക്കങ്ങളില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ ആഗോള നിക്ഷേപക സംഗമമായ അസെന്‍ഡ് കേരള2020 ബോള്‍ഗാട്ടിയിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
2020 ഏപ്രില്‍ ഒന്നു മുതല്‍ 2025 മാര്‍ച്ച്‌ 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന സംരംഭങ്ങള്‍ക്കാണ് സബ്‌സിഡി നല്‍കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനാണ് പുതിയ ആശയം സര്‍ക്കാര്‍ അവതരിപ്പിച്ചത്. തൊഴില്‍ തര്‍ക്ക പരിഹാരത്തിന് ബിപിസിഎല്‍ മാതൃകയില്‍ ആഭ്യന്തര സംവിധാനം ഉണ്ടാക്കണമെന്നും വ്യവസായികളോട് മുഖ്യമന്ത്രി പറഞ്ഞു. എല്ലാം കൊണ്ടും നിക്ഷേപത്തിന് അനുകൂലമായ സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും അസന്‍ഡ് നിക്ഷേപക സംഗമത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി യും വ്യവസായ മന്ത്രിയും ആവര്‍ത്തിച്ച്‌ അവകാശപ്പെട്ടു.
വ്യവസായ സംരംഭങ്ങളിലേക്ക് നിക്ഷേപം ആകര്‍ഷിക്കാനും അതു വഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള ആശയമാണ് മുഖ്യമന്ത്രി അസെന്‍ഡ് സമ്മേളനത്തില്‍ അവതരിപ്പിച്ചത്. രജിസ്റ്റര്‍ ചെയ്ത ദിവസം മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചാല്‍ മാത്രമേ സബ്‌സിഡി ലഭിക്കുകയുള്ളൂ. ഈ സംരംഭങ്ങള്‍ക്ക് ഇഎസ്‌ഐ, പി എഫ് എന്നിവയുണ്ടായിരിക്കണം. ഇതുവഴി 37 ലക്ഷം ജനങ്ങള്‍ക്ക് സാമൂഹിക പരിരക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേക്കു വരുന്ന വ്യവസായികളുടെ നിക്ഷേപം സുരക്ഷിതമായിരിക്കുമെന്ന് വ്യവസായ മന്ത്രി ശ്രീ ഇ.പി ജയരാജന്‍ പറഞ്ഞു. ചടങ്ങില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ വകുപ്പ്‌നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, വ്യവസായവാണിജ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ്, ലുലു ഗ്രൂപ്പ് സിഎംഡി എം.എ. യൂസഫലി, ആര്‍.പി. ഗ്രൂപ്പ് സിഎംഡി ഡോ. ബി. രവി പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.