കൊച്ചി/ന്യൂയോര്‍ക്ക്: പ്രവാസികളുടെ മാധ്യമ സ്വപ്‌നങ്ങളുമായി പൂത്തു തുടങ്ങിയ മലയാളം ടെലിവിഷന്‍ ചാനല്‍ ‘പ്രവാസി ചാനലിന്റെ ഗ്ലോബല്‍ ലോഞ്ച് പ്രൗഢഗംഭീരമായ സദസ്സില്‍ അരങ്ങേറി. അമേരിക്കയില്‍ പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചാനലിന്റെ ഗ്ലോബല്‍ ലോഞ്ച് കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മലയാളത്തിനു ലഭിക്കുന്ന ലോക അംഗീകാരമാണ് ഇത്തരമൊരു ശ്രമമെന്നും ഇതിനു വേണ്ടിയുള്ള നീക്കങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. മലയാളത്തെ ലോകത്തിന്റെ അനന്തവിഹായസിനു മുന്നില്‍ തുറന്നിടുന്ന സ്വപ്‌നപദ്ധതി കൂടുതല്‍ ഉയരങ്ങളിലെത്തട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഹൈബി ഈഡന്‍ എംപി വാര്‍ത്താ പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ.യൂസഫലി ചാനല്‍ ആപ്പ് പ്രകാശനം ചെയ്തു. പ്രവാസി ചാനല്‍ ചെയര്‍മാന്‍ വര്‍ക്കി ഏബ്രഹാം, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബേബി ഊരാളി, മാനേജിങ് പാര്‍ട്ണര്‍ സുനില്‍ െ്രെടസ്റ്റാര്‍, എഡിറ്റോറിയല്‍ മേധാവി ബിജു അബേല്‍ ജേക്കബ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അമേരിക്കന്‍ മലയാളികളുടെ നേതൃത്വത്തില്‍ ഒരു പതിറ്റാണ്ടു മുന്‍പ് ന്യൂയോര്‍ക്കില്‍ തുടക്കമിട്ട അമേരിക്കയിലെ ആദ്യത്തെ മലയാള ടെലിവിഷന്‍ സംരംഭമാണ് പ്രവാസികളുടെ സ്വന്തം ചാനലായ പ്രവാസി ചാനല്‍. പ്രവാസി ചാനലിന്റെ പ്രവര്‍ത്തനവും ഉള്ളടക്കവും വിവിധ ലോകരാജ്യങ്ങളിലെ മലയാളികളിലേക്കുകൂടി വിപുലപ്പെടുത്തികൊണ്ടുള്ള പ്രവാസി ചാനല്‍ ഗ്ലോബലിന്റെ ഉദ്ഘാടനമാണ് നടന്നത്.