കൊച്ചി: ഇടുക്കി നെടുങ്കണ്ടത്ത് പോലിസ് കസ്റ്റഡിയില്‍ രാജ്്കുമാര്‍ മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ സിബി ഐ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന് ഹൈക്കോടതി.കേസ് സിബി ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിട്ട പശ്ചാത്തലത്തില്‍ കേസിന്റെ രേഖകള്‍ സിബി ഐക്ക് കൈമാറണമെന്ന് ക്രൈംബ്രാഞ്ചിനോട് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.എന്നാല്‍ നാളിതുവരെ സിബി ഐ കേസ് സിബി ഐ ഏറ്റെടുത്തില്ല.കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടില്ലെന്നായിരുന്നു വാദം.കൊല്ലപ്പെട്ട രാജ്കുമാറിന്റെ മാതാവും ഭാര്യയും മക്കളും നേരത്തെ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കിയിരുന്നു.പോലിസിന്റ നിലപാടിനെതിരെ വീണ്ടും ഇവര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ്.സിബി ഐ നിലപാടിനെ തുടര്‍ന്ന് കേസിന്റെ അന്വേഷണം മരവിച്ച അവസ്ഥയിലാണെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.

കേസിന്റെ അന്വേഷണം സിബി ഐക്ക് വിട്ടതായി ചൂണ്ടിക്കാട്ടി 2019 ആഗസ്റ്റ് 16ന് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി ഗവ. പ്ലീഡര്‍ കോടതിയെ അറിയിച്ചു.രേഖകള്‍ കൈമാറുകയും ചെയ്തു. കേസിലെ പ്രധാന പ്രതിക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ പ്രതി ഇപ്പോള്‍ ഏത് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്ബാകെയാണ് കീഴടങ്ങേണ്ടതെന്ന് വ്യക്തതയില്ല. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് എത്രയും വേഗം അന്വേഷണം ആരംഭിക്കാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കണമെന്ന ആവശ്യം സര്‍ക്കാറും ഉന്നയിച്ചു.ഉത്തരവിലെ അവ്യക്തത സിബിഐയും രേഖാമൂലം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതിയുടെ ഉത്തരവുണ്ടായത്. അതേസമയം, നഷ്ടപരിഹാരം ഉള്‍പ്പെടെ ഹരജിയിലെ മറ്റ് ആവശ്യങ്ങള്‍ ഒരു മാസത്തിന് ശേഷം പരിഗണിക്കാന്‍ മാറ്റി. സാമ്ബത്തിക തട്ടിപ്പുകേസില്‍ പോലിസ് കസ്റ്റഡിയിലെടുത്ത രാജ്കുമാര്‍ ക്രൂര പോലിസ് മര്‍ദനത്തെത്തുടര്‍ന്ന് 2019 ജൂണ്‍ 21ന് മരിച്ചെന്നാണ് കേസ്.