ഇരിങ്ങാലക്കുട: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ മോഹമുണ്ടെന്നും അതിന് മുസ്ലീം വിഭാഗങ്ങളുടെ വോട്ട് നേടാനാണ് ശ്രമിക്കുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു. തീവ്രവാദത്തെപ്പറ്റി നന്നായി അറിയാവുന്ന ആളാണ് ചെന്നിത്തലയെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

കേരള കേഡറിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു താനെന്നും സെന്‍കുമാര്‍ പറഞ്ഞു. ഡിജിപിയെ തിരഞ്ഞെടുക്കുന്നത് ആഭ്യന്തര മന്ത്രിയല്ലെന്നും മുഖ്യമന്ത്രിയും മന്ത്രിസഭയും ചേര്‍ന്നാണെന്നും അക്കാര്യം ചെന്നിത്തല ആദ്യം പഠിക്കട്ടേയെന്നും സെന്‍കുമാര്‍ പറഞ്ഞു. ഡിജിപി പദവിക്കായി ഒരു രാഷ്ട്രീയക്കാരന്റെ പുറകെയും പോയിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

സെന്‍കുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ പാതകമാണെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് സെന്‍കുമാര്‍ രംഗത്ത് വന്നത്. ഇരിങ്ങാലക്കുടയില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി നടത്തിയ ജനജാഗരണ സദസ്സ് എന്ന പരിപാടിക്കിടെയാണ് സെന്‍കുമാറിന്റെ പരാമര്‍ശം.

ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം കൊണ്ടാണ് മുസ്ലീമിന്റെ രക്ഷകനായി എത്തിയിരിക്കുന്നത്. രാഷ്ട്രത്തിന് നന്മയുണ്ടാകുന്ന ആളുകളാണ് മുഖ്യമന്ത്രിയാകേണ്ടത്. അല്ലാതെ ഇവരേപ്പോലെയുള്ളവര്‍ അല്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. താനൊരു ദുരന്തമായി തോന്നുന്നത് ചെന്നിത്തലയ്ക്കും സുഡാപ്പികള്‍ക്കും മാത്രമാണെന്നും സെന്‍കുമാര്‍ പറഞ്ഞു.

താക്കോല്‍ ദാന ശസ്ത്രക്രിയയില്‍ കൂടിയാണ് ചെന്നിത്തല കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായതെന്നും സെന്‍കുമാര്‍ പരിഹസിച്ചു. പലകാര്യങ്ങളും പറയാന്‍ ബാക്കിയുണ്ട്. ആവശ്യമെങ്കില്‍ ഇനിയും കാര്യങ്ങള്‍ പറയുമെന്നും തന്നെക്കൊണ്ട് പറയിപ്പിക്കണമോയെന്ന് ചെന്നിത്തല തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സര്‍വീസിലിരുന്ന കാലത്ത് മതപരമായോ ജാതിപരമായോ എന്തെങ്കിലും പക്ഷപാതം ഞാന്‍ കാണിച്ചുവെന്ന് തെളിയിക്കാനും അദ്ദേഹം വെല്ലുവിളിച്ചു. വിരമിച്ചതിന് ശേഷം എന്ത് പക്ഷം സ്വീകരിക്കുന്നുവെന്നത് തന്റെ അവകാശമാണമെന്നും അദ്ദേഹം പറഞ്ഞു.