പൂനെ : മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി ഏകദിന ക്രിക്കറ്റില്‍നിന്ന് ഉടന്‍തന്നെ വിരമിച്ചേക്കുമെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യ- ശ്രീലങ്ക ട്വന്റി 20 പരമ്ബരയ്ക്കിടെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശാസ്ത്രി ധോണിയുടെ ഭാവിയെപ്പറ്റി വാചാലനായത്.

കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിന് ശേഷം ഇന്ത്യന്‍ ടീമിന് വേണ്ടി ഒരു ഫോര്‍മാറ്റിലും കളിച്ചിട്ടില്ലാത്ത ധോണി കരിയര്‍ അവസാനിപ്പിക്കുന്നതിനെച്ചാെല്ലി ഏറെനാളായി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുകയാണ്. എപ്പോള്‍ വിരമിക്കണമെന്നത് ധോണിയുടെ സ്വാതന്ത്ര്യമാണെന്നും തന്റെ ഭാവിയെപ്പറ്റി ധോണി ടീം മാനേജ്മെന്റുമായും സെലക്ടര്‍മാരുമായും ഇതിനകം ചര്‍ച്ച നടത്തിയിട്ടുണ്ടാകുമന്നും കഴിഞ്ഞയാഴ്ച ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് രവിശാസ്ത്രിയുടെ വെളിപ്പെടുത്തല്‍.

ഏകദിനങ്ങളില്‍ നിന്ന് വിരമിച്ചശേഷം ട്വന്റി 20 ഫോര്‍മാറ്റില്‍കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ധോണി തീരുമാനിച്ചിരിക്കുന്നതെന്ന് പറഞ്ഞ ശാസ്ത്രി ഐ.പി. എല്ലില്‍ മികച്ചപ്രകടനം കാഴ്ചവച്ചാല്‍ ഒക്ടോബറില്‍ ആസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ കളിക്കാന്‍ ധോണിക്ക് കഴിയുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

ഐ.സി.സി പരീക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന ചതുര്‍ദിന ടെസ്റ്റുകളോടുള്ള വിയോജിപ്പും ശാസ്ത്രി വ്യക്തമാക്കി.

ശാസ്ത്രീയ വെളിപ്പെടുത്തലുകള്‍

ധോണിയുമായി ഞാന്‍ വ്യക്തിപരമായി സംസാരിച്ചിരുന്നു. അദ്ദേഹം ടെസ്റ്റില്‍നിന്ന് വിരമിച്ചുകഴിഞ്ഞതാണ്. ഉടനെതന്നെ ഏകദിനങ്ങളില്‍ നിന്നും വിരമിക്കും. ധോണി ഇനിയൊരു ഏകദിനം കളിക്കാന്‍ സാദ്ധ്യതയില്ല.

എല്ലാ ഫോര്‍മാറ്റിലുംനിരന്തരം കളിച്ചുകൊണ്ടിരുന്നയാളാണ് ധോണി. പക്ഷേ ഇൗ 38-ാം വയസില്‍ ട്വന്റി 20 ഫോര്‍മാറ്റില്‍ മാത്രം തുടരുന്നതാകും അദ്ദേഹത്തിന് നല്ലത്. വരുന്ന ഐ.പി.എല്ലില്‍ അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നുണ്ട്. നമുക്ക് നോക്കാം.

ഞാന്‍ ഒരുകാര്യം ഉറപ്പിച്ചുപറയാം. ഇന്ത്യന്‍ ടീമില്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍ ധോണിയുണ്ടാവില്ല. പക്ഷേ ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ അദ്ദേഹം ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാകും.

പരിചയസമ്ബത്തും ഫോമും പരിഗണിച്ചാണ് ഇന്ത്യന്‍ ടീമിനെ സെലക്‌ട് ചെയ്യുന്നത്. ഐ.പി.എല്ലില്‍ മികവ് കാട്ടിയാല്‍ ധോണി സ്വാഭാവികമായും സെലക്ടര്‍മാരുടെ മുന്നിലുണ്ടാകും.

350 ഏകദിനങ്ങള്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടുള്ള താരമാണ് ധോണി. 90 ടെസ്റ്റുകളിലും 98 ട്വന്റി 20 കളിലും കളിച്ച ധോണി 829 പുറത്താക്കലുകളില്‍ പങ്കാളിയായി.

2007 ലെ ട്വന്റി 20 ലോകകപ്പും 2011 ലെ ഏകദിന ലോകകപ്പും ഇന്ത്യയ്ക്ക് സമ്മാനിച്ച നായകന്‍.